എല്ലാവരും എന്റെ പക്കല്‍ നിന്ന് ജേഴ്‌സി വാങ്ങുകയായിരുന്നു; ഞാന്‍ വിരമിച്ചേക്കുമെന്ന് അവര്‍ കരുതി


1 min read
Read later
Print
Share

ധോനി ഈ സീസണോടെ വിരമിക്കുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്‌സി ഒപ്പിട്ടുവാങ്ങുന്നത് ഇത്തവണത്തെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു

എം.എസ്. ധോനി | Photo:iplt20.com

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തുടര്‍ന്നും കളിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ എം.എസ്. ധോനി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടക്കുന്ന ഐ.പി.എല്‍ ആയതിനാല്‍ ഇത്തവണത്തേത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

ഇതിനെല്ലാം ന്യൂസീലന്‍ഡ് താരം ഡാനി മോറിസന്റെ ചോദ്യത്തിനുള്ള രണ്ടു വാക്ക് ഉത്തരത്തോടെ ധോനി മറുപടി നല്‍കി കഴിഞ്ഞു.

ധോനി ഈ സീസണോടെ വിരമിക്കുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്‌സി ഒപ്പിട്ടുവാങ്ങുന്നത് ഇത്തവണത്തെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജോസ് ബട്ട്‌ലര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോനി. ''എല്ലാവരും എന്റെ പക്കല്‍ നിന്നും ജേഴ്‌സി വാങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് കരുതിയാണത്. ഒരിക്കലും ഇല്ല, ഐ.പി.എല്‍ 2021 വെറും മാസങ്ങള്‍ അകലെയാണ്.'' - ധോനി പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ - മേയ് മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മൂലമാണ് സെപ്റ്റംബര്‍ - നവംബര്‍ വിന്‍ഡോയിലേക്ക് മാറിയത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ് മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഏപ്രില്‍ - മേയ് വിന്‍ഡോയില്‍ നടക്കാനാണ് സാധ്യത. ഇതോടെയാണ് ധോനി സൂപ്പര്‍ കിങ്‌സിനൊപ്പം തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 200 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 47. ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ ധോനി ഐ.പി.എല്‍ സീസണ്‍ അവസാനിപ്പിക്കുന്നത് ഇതാദ്യമായാണ്.

Content Highlights: IPL 2020 MS Dhoni on giving away signed jerseys this season

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram