എം.എസ്. ധോനി | Photo:iplt20.com
അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായ് തുടര്‍ന്നും കളിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ക്യാപ്റ്റന്‍ എം.എസ്. ധോനി.
പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ച ധോനിയോട് മുന്‍ ന്യൂസീലന്‍ഡ് താരം ഡാനി മോറിസണ്‍ ഒരു ചോദ്യം ചോദിച്ചു - മഞ്ഞയില്‍ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ?
ധോനിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഒരിക്കലും അല്ല. ഐ.പി.എലില്‍ അവസാന സ്ഥാനക്കാരായി പുറത്തായതിനെത്തുടര്‍ന്ന് ധോനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സീസണോടെ താരം വിരമിക്കുമെന്ന സൂചനകളും വന്നു. എന്നാല്‍, ഒറ്റ മറുപടിയോടെ ധോനി എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിടുകയാണ്.
ഈ സീസണില്‍ ധോനിയുടെയും സൂപ്പര്‍ കിങ്‌സിന്റെയും പ്രകടനം നിരാശപ്പെടുത്തുന്നതായതോടെ ധോനി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഒറ്റ മറുപടി കൊണ്ട് ഇവയെല്ലാം അദ്ദേഹം ഇല്ലാതാക്കി.
അതേസമയം ധോനി ചെന്നൈ ടീമിനൊപ്പം തന്നെ തുടരുമെന്ന് ടീമിന്റെ സി.ഇ.ഒ കാശി വിശ്വനാഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 200 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 47.
Content Highlights: IPL 2020 MS Dhoni has ruled out retirement talks