ജസ്പ്രീത് ബുംറ | Photo: iplt20.com
ദുബായ്: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു.
201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ എറിഞ്ഞിട്ട ജസ്പ്രീത് ബുംറയാണ് മുംബൈ ജയം എളുപ്പമാക്കിയത്. ട്വന്റി 20 കരിയറിലെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ബുംറ നാല് ഓവറില്‍ ഒരു ഡബിള്‍ വിക്കറ്റ് മെയ്ഡനടക്കം വെറും 14 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇതോടെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ബുംറയുടെ വിക്കറ്റ് നേട്ടം 27 ആയി. ഇതോടെ ഡല്‍ഹി താരം കഗിസോ റബാദയെ (25 വിക്കറ്റ്) മറികടന്ന് പര്‍പ്പിള്‍ ക്യാപ്പ് ബുംറ സ്വന്തമാക്കുകയും ചെയ്തു.
ഇതോടൊപ്പം ഐ.പി.എല്ലില്‍ മറ്റൊരു റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഒരു സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയത്. 2018 സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ മറികടന്നത്.
ഈ സീസണില്‍ നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ബുംറ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണില്‍ രണ്ടു തവണ നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും ബുംറ തന്നെ.
Content Highlights: IPL 2020 Jasprit Bumrah sets new Indian record with 27 wickets