രവി ബിഷ്ണോയ് | Photo:iplt20.com
ഐ.പി.എല്‍ 13-ാം സീസണിലെ പല മത്സരങ്ങളിലും ബാറ്റ്‌സ്മാന്‍മാരുടെ മികവിന് നമ്മള്‍ സാക്ഷികളായിക്കഴിഞ്ഞു. ട്വന്റി 20 എന്നാല്‍ ബാറ്റ്‌സ്മാന്റെ മാത്രം കളിയാകുമ്പോള്‍ അതിനിടെ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ഏതാനും താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ തന്റെ ഗൂഗ്ലികളും ലെഗ് ബ്രേക്കുകളും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുന്ന ഒരു പയ്യനുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ രവി ബിഷ്ണോയ് എന്ന ലെഗ് സ്പിന്നര്‍.
ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് ഒരുപിടി പ്രതിഭകളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത്. പ്രിയം ഗാര്‍ഗ്, യശസ്വി ജയ്‌സ്വാള്‍, കാര്‍ത്തിക് ത്യാഗി തുടങ്ങി അവരില്‍ പലരും ഇത്തവണത്തെ ഐ.പി.എല്ലിന്റെ ഭാഗവുമാണ്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന താരമാണ് രവി ബിഷ്ണോയ്.
ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ പൊച്ചഫ്ട്രൂമിലെ സെന്‍വെസ് മൈതാനത്ത് ബംഗ്ലാദേശ് യുവതാരങ്ങള്‍ വിജയറണ്‍ കുറിക്കുന്നത് നിരാശയോടെ കണ്ടു നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 ടീം. കിരീടം കൈവിട്ടെങ്കിലും നാളെയുടെ വാഗ്ദാനങ്ങളായ ഒരുപിടി താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചാണ് ഇത്തവണത്തെ അണ്ടര്‍-19 ലോകകപ്പിന് തിരശ്ശീല വീണത്.

അക്കൂട്ടത്തില്‍ ഒരു കാലത്ത് സ്റ്റേറ്റ് ക്രിക്കറ്റിലെ നിരന്തര അവഗണനകള്‍ കാരണം ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു കൗമാരക്കാരനുമുണ്ടായിരുന്നു. രാജസ്ഥാന്‍ ജോധ്പുര്‍ സ്വദേശി രവി ബിഷ്ണോയ്.
400 റണ്‍സുമായി യശസ്വി ജയ്സ്വാള്‍ ടൂര്‍ണമെന്റിന്റെ താരമായപ്പോള്‍, പന്തുകൊണ്ട് ഇന്ത്യയ്ക്കായി വിസ്മയം തീര്‍ത്തത് രവി ബിഷ്ണോയിയായിരുന്നു. ലോകകപ്പിലെ ആറു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയ രവിയായിരുന്നു ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുന. തന്റെ ലെഗ് ബ്രേക്കുകളും ഗൂഗ്ലികളുമായി ലോകകപ്പില്‍ ബാറ്റ്സ്മാന്‍മാരെ വട്ടംകറക്കിയ ഇന്ത്യയുടെ തുറുപ്പുചീട്ട്.
ഇപ്പോഴിതാ ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് ബിഷ്ണോയ്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ബിഷ്ണോയ്.

ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി നടന്ന ലേലത്തില്‍ രവി ബിഷ്ണോയ്ക്കായി മുംബൈ ഇന്ത്യന്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടന്നത്. 20 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ ഒടുവില്‍ 2 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഈ കൗമാര താരത്തെ ടീമിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് കുംബ്ലെ തന്നെ. അതില്‍തന്നെയുണ്ട് അവന്റെ പ്രതിഭയ്ക്കുള്ള അംഗീകാരം. മീഡിയം പേസറാകാന്‍ മോഹിച്ച രവി പിന്നീട് ലെഗ് സ്പിന്നിലേക്ക് തിരിഞ്ഞതിന് ഒരു കാരണം കുംബ്ലെയുടെ ബൗളിങ് വീഡിയോകള്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. പഞ്ചാബ് ക്യാമ്പില്‍ കുംബ്ലെയില്‍ നിന്ന് ഫ്ളിപ്പറുകള്‍ എറിയാന്‍ പഠിക്കണമെന്നാണ് ഇപ്പോള്‍ രവിയുടെ മോഹം.
ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാവിഷയമായ ഇന്നത്തെ രവി ബിഷ്ണോയിയിലേക്ക് എത്തുന്നതിന് നിരവധി അവഗണനകള്‍ അവന് സഹിക്കേണ്ടിവന്നിട്ടുണ്ട്. മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടും അണ്ടര്‍ 16, അണ്ടര്‍ 19 ടീം തിരഞ്ഞെടുപ്പില്‍ പലപ്പോഴും അവന്റെ പേര് ഒഴിവാക്കപ്പെട്ടു. ഒടുവില്‍ അത് അവനെ നിരാശയിലേക്ക് തള്ളിവിടുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും തന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയും കൂടിയായപ്പോള്‍ അവന്‍ പൊരുതാന്‍ തന്നെ തീരുമാനിച്ചു. അണ്ടര്‍ 19 സെലക്ഷന്‍ ട്രയല്‍സില്‍ രണ്ടു തവണയാണ് അവന്‍ അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ നിരവധി സെലക്ഷന്‍ ട്രയല്‍സില്‍ രവി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും അവഗണന തന്നെയായിരുന്നു ഫലം. 2016-17 കാലത്ത് അണ്ടര്‍ 16 ടീമിലെടുത്തെങ്കിലും കളിക്കാന്‍ ഒരവസരം പോലും നല്‍കിയില്ല.
2018-ല്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ രണ്ട് സെലക്ഷന്‍ ട്രയല്‍സ് നടത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ അഞ്ചു മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് രവി വീഴ്ത്തിയത്. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി സെഞ്ചുറി നേടിയ രവി പന്തെടുത്തപ്പോള്‍ അഞ്ചു വിക്കറ്റുകളും സ്വന്തമാക്കി. എന്നിട്ടും അണ്ടര്‍ 19 ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാതിരുന്നത് രവിയെ വല്ലാതെ തളര്‍ത്തി.
ഒരിക്കല്‍ ഇത്തരത്തില്‍ അവസരം നഷ്ടമായപ്പോള്‍ ജയ്പുരിലെ സവായ് മാന്‍സിങ്ങ് സ്റ്റേഡിയത്തില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് അന്നത്തെ ആ 17-കാരന്‍ പുറത്തേക്ക് ഓടിയെത്തിയത്. കരഞ്ഞുകലങ്ങിയ കണ്ണുമായി വീട്ടിലെത്തിയ അവന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവന്റെ കരച്ചില്‍ ആ പിതാവിന് താങ്ങാനാകുമായിരുന്നില്ല.
മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിരവധി തവണ ക്രിക്കറ്റ് ട്രയല്‍സില്‍ അവഗണിക്കപ്പെട്ടതിന്റെ ദേഷ്യവും സങ്കടവുമെല്ലാം ഉണ്ടായിരുന്നു രവിയുടെ ആ കരച്ചിലിനു പിന്നില്‍. ട്രയല്‍സില്‍ വെറും നാലു പന്തുകള്‍ മാത്രം എറിയിച്ച ശേഷം പുറത്താക്കപ്പെടുക.
അവന്റെ ഈ വിഷമം കണ്ട് പിതാവ് ക്രിക്കറ്റ് മറന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞു. ആ സമയത്ത് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി ക്രിക്കറ്റില്‍ രവിക്ക് കുറച്ചുകൂടി സമയം നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെട്ടത് അവന്റെ കോച്ച് പത്താനായിരുന്നു. പിന്നീട് അദ്ദേഹമാണ് മുന്‍ രാജസ്ഥാന്‍ ഫസ്റ്റ് ക്ലാസ് താരവും റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ചുമായ ദിഷ്യാന്ത് യാഗ്‌നിക്കിനോട് രവിയുടെ കാര്യം അധികൃതരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടത്.
അതനുസരിച്ച് ഒരിക്കല്‍ക്കൂടി രവിക്ക് വിളിയെത്തി. അന്ന് രാജസ്ഥാന്‍ സ്റ്റേറ്റ് ടീമിലെ മികച്ച അണ്ടര്‍ 19 ബാറ്റ്സ്മാനെ എറിഞ്ഞ ആദ്യ രണ്ടു പന്തുകളിലും രവി പുറത്താക്കി. അത് മതിയായിരുന്നു സെലക്ടര്‍മാരുടെ മുഖം തെളിയാന്‍. അങ്ങനെ വിനൂ മങ്കാദ് ട്രോഫിയില്‍ രാജസ്ഥനായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ രവി അഞ്ചു വിക്കറ്റുകളുമായി തിളങ്ങി. പിന്നീട് അവന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനായി നെറ്റ്സില്‍ പന്തെറിഞ്ഞ് തുടങ്ങിയതോടെ അവന്റെ കഴിവ് പുറംലോകം അറിഞ്ഞുതുടങ്ങി.
പരീക്ഷകള്‍ ജീവിതത്തില്‍ പ്രധാനപ്പെട്ടവ തന്നെയാണ്. പലപ്പോഴും ഒരാളുടെ തലവര മാറ്റിമറിക്കുന്നതും പരീക്ഷകള്‍ തന്നെ. പരീക്ഷയെഴുതി തലവര മാറിമറിഞ്ഞവരുടെ എണ്ണം കൂടുതലാണെങ്കില്‍ പരീക്ഷ എഴുതാതെ മുങ്ങി തലവര മാറിയവരുമുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് രവി ബിഷ്ണോയ്ക്ക് പറയാനുള്ളത്.

ക്രിക്കറ്റ് സ്വപ്നങ്ങളുമായി നടന്ന ആ കൗമാരക്കാരന്റെ ജീവിതം മാറിമറിയുന്നത് ഒരു പരീക്ഷ എഴുതാതിരുന്നതുകൊണ്ടാണ്. 2018-ലാണ് രവി ബിഷ്ണോയ് എന്ന പയ്യനെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത്. ആ വര്‍ഷം ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലായിരുന്നു രവി. നെറ്റ്സില്‍ റോയല്‍സിന്റെ ലോകതാരങ്ങള്‍ക്കെതിരേ പന്തെറിയുന്നതിനിടെയാണ് അവനെ തേടി നാട്ടില്‍ നിന്ന് അച്ഛന്റെ ഫോണ്‍ കോള്‍. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയാണ്, കളിയൊക്കെ മതിയാക്കി ഉടന്‍ തന്നെ നാട്ടിലെത്തണം.
തന്റെ കൈവിരലുകളില്‍ ഒട്ടിപ്പിടിച്ചു കിടന്ന തുകല്‍ പന്തും ഫോണിന്റെ അങ്ങേത്തലക്കലെ അച്ഛന്റെ ശബ്ദവും അവനെ ആശയക്കുഴപ്പത്തിലാക്കി. അച്ഛന്റെ വാക്കോ അതോ സ്വന്തം ഇഷ്ടമോ? ഒരു തീരുമാനമെടുക്കാന്‍ അവന് സാധിച്ചില്ല. ഈ വിഷമസന്ധിയില്‍ സ്പാര്‍ട്ടന്‍സ് അക്കാദമിയിലെ അവന്റെ പരിശീലകര്‍ അവന്റെ സഹായത്തിനെത്തി. ''ബ്രൗണി (രവി ബിഷ്ണോയിയുടെ ഇരട്ടപ്പേര്) ഈ അവസരം നീ ഇപ്പോള്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും അങ്ങനൊന്ന് നിന്നെ തേടിവരില്ല''. അങ്ങനെ അവനാ കടുത്ത തീരുമാനമെടുത്തു, അച്ഛനെ ധിക്കരിക്കുക, റോയല്‍സ് ക്യാമ്പില്‍ തുടരുക.
അവന്റെ കോച്ച് പ്രദ്യോദ് സിങ് ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''2018 മാര്‍ച്ചില്‍ ആയിരുന്നു അത്. റോയല്‍സിന്റെ നെറ്റ്സില്‍ പന്തെറിയാന്‍ തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു അവന്‍. അതിനുള്ള അവസരം ലഭിക്കുമോ എന്നുപോലും ഉറപ്പുണ്ടായിരുന്നില്ല. ആ സമയത്താണ് അച്ഛന്‍ വിളിച്ച് അവനോട് ബോര്‍ഡ് എക്സാം എഴുതാനായി തിരിച്ചുവരാന്‍ പറയുന്നത്. തിരിച്ചുപോകാമെന്നായിരുന്നു അവന്റെ മനസില്‍. എന്നാല്‍ ഈശ്വരേച്ഛ എന്നുപറയുന്ന ഒന്നുണ്ടല്ലോ. അവന്‍ അവിടെ തന്നെ തുടര്‍ന്നു''.
ഒരു ലെഗ് സ്പിന്നറാകുക എന്നത് രവിയുടെ ആഗ്രഹങ്ങളില്‍ ഒന്നുപോലും അല്ലായിരുന്നു. മീഡിയം പേസിലായിരുന്നു അവന് താല്‍പ്പര്യം. എന്നാല്‍ ഒരു മീഡിയം പേസര്‍ക്ക് യോജിച്ച ശരീരപ്രകൃതിയല്ല അവനെന്ന് പറഞ്ഞ് മനസിലാക്കിയത് പത്താനും പ്രദ്യോദ് സിങ്ങുമായിരുന്നു. രവിയോട് ലെഗ് സ്പിന്നില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതും ഇവര്‍ തന്നെ. ഇന്ത്യന്‍ ടീമില്‍ ബാറ്റിങ്ങില്‍ കൂടി കഴിവുള്ള ഒരു ലെഗ് സ്പിന്നര്‍ക്ക് മികച്ച അവസരമുണ്ടാകുമെന്ന ഇവരുടെ ദീര്‍ഘ വീക്ഷണമായിരുന്നു അതിന് പിന്നില്‍.
രവിയുടെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഗൂഗ്ലികളാണ്. ഒരു ജെനുവിന്‍ ലെഗ് സ്പിന്നറുടെ രീതിയല്ല രവിയുടേത്. ഒരു മീഡിയം പേസര്‍ പന്തെറിയാനെത്തുന്നതുപോലെയാണ് അവന്റെ റണ്ണപ്പ്. പന്തെറിയുമ്പോള്‍ അവന്റെ ഇടത്തേ കൈ ശ്രദ്ധിച്ചായറിയാം, അത് സാധാരണ ലെഗ് സ്പിന്നര്‍മാരുടേതുപോലെ ബാറ്റ്സ്മാന് നേരെയായിരിക്കില്ല. കുംബ്ലെയുടേത് പോലെ അല്‍പം വളഞ്ഞാണ് അത്. സാധാരണ ഒരു ലെഗ് സ്പിന്നറുടെ റണ്ണപ്പുമല്ല രവിയുടേത്. ഒരു ലെഗ് സ്പിന്നര്‍ ഏഴ് യാര്‍ഡ് റണ്ണപ്പിനു ശേഷമാണ് ബൗള്‍ ചെയ്യുക. രവിക്കിത് 12 മുതല്‍ 14 യാര്‍ഡ് വരെയാണ്. അതിനാല്‍ തന്നെ കുംബ്ലെയെ പോലെ പന്തിന് വേഗം കൂടും. ലെഗ് ബ്രേക്കുകളേക്കാള്‍ ഇത്തരത്തില്‍ വേഗത്തിലെത്തുന്ന അവന്റെ ഗൂഗ്ലികളാണ് ബാറ്റ്സ്മാന്‍മാരുടെ നിലതെറ്റിക്കുക. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ആംഗിളില്‍ നിന്ന് നല്ല വേഗത്തിലെത്തുന്ന പന്തുകള്‍ കളിക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ നന്നേ ബുദ്ധിമുട്ടും.
അണ്ടര്‍ 19 ലോകകപ്പില്‍ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. രവിയുടെ പന്തുകള്‍ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്. ബാറ്റ്സ്മാന്‍ കണക്കുകൂട്ടുന്ന വേഗത്തിലായിരിക്കില്ല പന്ത് എത്തുക. മാത്രമല്ല പലപ്പോഴും അവന്റെ പന്തിന്റെ ടേണ്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. വലംകൈയന്‍ ബാറ്റ്സ്മാന്‍ ഓഫ് സ്റ്റമ്പില്‍ കുത്തുന്ന പന്ത് പുറത്തേക്ക് പോകുമെന്ന് കണക്കുകൂട്ടുന്ന ഘട്ടത്തിലാകും പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് പന്ത് വിക്കറ്റിലേക്കെത്തുക. രവിയുടെ പന്ത് നേരിടാന്‍ ഏറെ ബുദ്ധിമുട്ട് ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കാണ്. അവന്‍ ഗൂഗ്ലികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതും ഇടംകൈയന്‍മാര്‍ക്കു നേരെതന്നെ. ടേണ്‍ ചെയ്യുന്ന പന്തുകള്‍ക്കൊപ്പം തന്നെ രവിയുടെ ടേണ്‍ ചെയ്യാത്ത പന്തുകളെയും പേടിക്കേണ്ടതുണ്ട്. കണക്കുകൂട്ടുന്ന വേഗമായിരിക്കില്ല അതിനുണ്ടാകുക. ബാറ്റ്സ്മാന്‍ ഷോട്ടിന് ശ്രമിക്കുമ്പോഴേക്കും പന്ത് വിക്കറ്റുമായി പറന്നിട്ടുണ്ടാകും.
റിസ്റ്റ് സ്പിന്നര്‍മാര്‍ അരങ്ങുവാഴുന്ന ആധുനിക ക്രിക്കറ്റില്‍ രവി ബിഷ്ണോയ് സ്വന്തമായി ഒരു സ്ഥാനം നേടാന്‍ അധിക നാളൊന്നും വേണ്ടിവരില്ല. അണ്ടര്‍ 19 ലോകകപ്പ് അതിന്റെ ആദ്യ ചവിട്ടുപടിയായെങ്കില്‍ ഐ.പി.എല്‍ രവിക്ക് തന്റെ തന്റെ കഴിവുകള്‍ ലോകത്തെ കാണിക്കാനുള്ള അരങ്ങാണ്.
യൂസ്വേന്ദ്ര ചാഹലിന് പകരം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ രവിക്ക് അവസരം കൊടുക്കണമെന്നൊക്കെ മുറവിളികള്‍ ഉയരുന്നുണ്ട്. എങ്കിലും ചാഹലിനെ മറികടന്ന് സീനിയര്‍ ടീമിലെത്താന്‍ രവിക്ക് തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. ചാഹലിനേക്കാള്‍ മികച്ച ബാറ്റ്സ്മാനാണ് എന്നതാണ് രവിക്കുള്ള ആനുകൂല്യം. ബൗളിങ്ങിനൊപ്പം വാലറ്റത്ത് വമ്പനടികള്‍ക്ക് കെല്‍പ്പുള്ള ബാറ്റ്സ്മാന്‍ കൂടിയാണ് രവി. കാത്തിരിക്കാം ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, രവീന്ദ്ര ജഡേജ, പിയുഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പിന്നാലെ അണ്ടര്‍ 19 ലോകകപ്പില്‍ കഴിവുതെളിയിച്ച മറ്റൊരു താരം കൂടി സീനിയര്‍ ടീമിന്റെ ജേഴ്സി അണിയുന്നത് കാണാന്‍. രവിയുടെ സ്വപ്നങ്ങള്‍ സത്യമാകുന്നത് കാണാന്‍.
Content Highlights: IPL 2020 impressive youngsters Ravi Bishnoi life story