ബ്രയാൻ ലാറ | Photo: Mitesh Bhuvad|PTI
ദുബായ്: ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ യുവ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ സീസണായിരുന്നു. നിരവധി ആവേശകരമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.പി.എല്ലിന്റെ 13-ാം പതിപ്പില്‍ തനിക്ക് ഇഷ്ടപ്പെട്ട ആറ് യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.
മലയാളി താരം സഞ്ജു സാംസണ്‍ മുതല്‍ ജമ്മു കാശ്മീര്‍ താരം അബ്ദുല്‍ സമദ് വരെ ലാറയുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍, പ്രിയം ഗാര്‍ഗ്, അബ്ദുല്‍ സമദ് എന്നിവരാണ് ഇത്തവണത്തെ സീസണില്‍ ലാറയുടെ മനസ് കീഴടക്കിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.
അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു സാംസണ്‍ എന്നാണ് ലാറയുടെ അഭിപ്രായം. ''സഞ്ജുവിന്റെ കഴിവ് ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ അവന്‍ എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പറയാനാകില്ല. അതിശയകരമായ കഴിവും അതിശയകരമായ ടൈംമിങ്ങും ഉള്ള താരമാണ് സഞ്ജു. ഉയരങ്ങളിലെത്താന്‍ പ്രാപ്തിയുള്ള ഒന്നാന്തരം ബാറ്റ്സ്മാന്‍.''
രണ്ടാമതായി ടൂര്‍ണമെന്റില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്ന് 41.90 ശരാശരിയില്‍ 461 റണ്‍സ് നേടിയിട്ടുള്ള സൂര്യകുമാര്‍ യാദവിനെയാണ് ലാറ തിരഞ്ഞെടുത്തിരിക്കുന്നത്. ''സൂര്യകുമാര്‍ യാദവ് എന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ മികച്ച കളിക്കാരന്‍ ഓപ്പണറല്ലെങ്കില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് നല്ലത്. നേരത്തെ വിക്കറ്റ് നഷ്ടമായാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും. ഈ ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്.''
ദേവ്ദത്ത് പടിക്കല്‍ ഏറെ പൊട്ടന്‍ഷ്യലുള്ള കളിക്കാരനാണെന്ന് ലാറ ചൂണ്ടിക്കാട്ടി. ''കളിയില്‍ കുറച്ച് കാര്യങ്ങള്‍ അദ്ദേഹം മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. ഐ.പി.എല്ലോ ട്വന്റി 20-യോ നോക്കിയല്ല ഞാന്‍ ബാറ്റ്സ്മാനെ വിലയിരുത്താറുള്ളത്. ദേവദത്ത് ടെസ്റ്റ് മത്സരങ്ങളും കളിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ സാങ്കേതികത്വത്തില്‍ മാറ്റം വരുത്താന്‍ ദേവദത്ത് തയ്യാറാവണം. മൂന്ന് സ്ലിപ്പും ഗള്ളിയുമടക്കമുള്ളപ്പോള്‍ കളിക്കാന്‍ സാധിക്കണം. ഇപ്പോള്‍ അദ്ദേഹം ട്വന്റി 20 ഫോര്‍മാറ്റ് മാത്രമാണ് കളിക്കുന്നത്. ടെസ്റ്റും അദ്ദേഹത്തിന് വഴങ്ങും.''
ഈ സീസില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കെ.എല്‍ രാഹുലാണ് ലാറയുടെ അടുത്ത ഇഷ്ട താരം. ''രാഹുല്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെക്കുറിച്ച് ഇനി എനിക്ക് കൂടുതല്‍ എന്താണ് പറയാന്‍ സാധിക്കുക.''
മുന്‍ ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീര്‍ താരം അബ്ദുല്‍ സമദുമാണ് ലാറ അടുത്തതായി തിരഞ്ഞെടുത്ത താരങ്ങള്‍. മികച്ച കഴിവുകളുള്ള താരമാണ് പ്രിയം ഗാര്‍ഗെന്ന് പറഞ്ഞ ലാറ ഈ സീസണില്‍ വളരെ ഏറെ ആകര്‍ഷിച്ച താരമാണ് അബ്ദുല്‍ സമദെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: Brian Lara names six most impressive young Indian batsmen of IPL 2020