രോഹിതിന്റെ വിക്കറ്റ് ആഘോഷിക്കുന്ന പീയുഷ് ചൗള Image Courtesy: https:||twitter.com|IPL
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഈ സീസണിൽ ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയ സ്പിന്നര്‍ പീയുഷ് ചൗള വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ അപകടകാരിയായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ചൗള പവലിയനിലേക്ക് മടക്കി. ഇതോടെ ഐ.പി.എല്ലില്‍ അദ്ദേഹം 151 വിക്കറ്റുകള്‍ സ്വന്തമാക്കി.
ചെന്നൈയുടെ തന്നെ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്നാണ് ചൗള വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതെത്തിയത്. ഹര്‍ഭജന്റെ അക്കൗണ്ടില്‍ 150 വിക്കറ്റുകളാണുള്ളത്. 170 വിക്കറ്റുകളോടെ ലസിത് മലിംഗയാണ് പട്ടികയില്‍ ഒന്നാമത്. അമിത് മിശ്ര 157 വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.
ചെന്നൈയുടെ കുപ്പായത്തില്‍ ആദ്യമായി കളിച്ച മത്സരത്തില്‍ തന്നെ മികച്ച രീതിയില്‍ പന്തെറിയാന്‍ ചൗളയ്ക്ക് സാധിച്ചു. ചെന്നൈ ബൗളര്‍മാരില്‍ മികച്ച ഇക്കണോമി റേറ്റും ചൗളയ്ക്കാണ്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രമാണ് ചൗള വഴങ്ങിയത്.
Content Highlights: Piyush Chawla surpasses Harbhajan Singh in elite list