മത്സരത്തിനിടെ എം.എസ് ധോനിയും പൃഥ്വി ഷായും | Photo: twitter.com|IPL
ദുബായ്: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ടെങ്കിലും ഫീൽഡിങ്ങിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിൽ ധോനിക്ക് ആശ്വസിക്കാം. മനോഹരമായ ഡൈവിങ് ക്യാച്ചിനൊപ്പം മികച്ചൊരു സ്റ്റമ്പിങ്ങും ധോനി പുറത്തെടുത്തു. അർധ സെഞ്ചുറി നേടി ക്രീസിൽ നിലയുറപ്പിച്ചിരുന്ന ഓപ്പണർ പൃഥ്വി ഷായെ ആണ് ധോനി അതിവേഗം മടക്കിയത്.
മനോഹരമായ ബൗണ്ടറികൾ കണ്ട ഇന്നിങ്സിൽ 35 പന്തിൽ പൃഥ്വി ഷാ അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ 13-ാം ഓവർ എറിയാനെത്തിയ സ്പിന്നർ പിയൂഷ് ചൗള പൃഥ്വി ഷായെ പുറത്താക്കാനുള്ള കെണിയൊരുക്കി. ചൗളയെ ക്രീസ് വിട്ടിറങ്ങി നേരിടാൻ ഒരുങ്ങിയ ഷായ്ക്ക് പിഴച്ചു. പന്ത് ബാറ്റിൽ തട്ടാതെ നേരെ വിക്കറ്റ് കീപ്പറായ ധോനിയുടെ കൈയിലേക്ക്. ഞൊടിയിടയിൽ ഒറ്റക്കൈയില്‍ പന്തെടുത്ത് ധോനി പൃഥ്വി ഷായുടെ കാര്യം തീരുമാനമാക്കി.പുറത്താകുമ്പോൾ 43 പന്തിൽ ഒമ്പതു ഫോറും ഒരു സിക്സും സഹിതം പൃഥ്വി ഷാ 64 റൺസെടുത്തിരുന്നു.
നേരത്തെ ഡല്‍ഹി ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ഷായെ പുറത്താക്കാനുള്ള അവസരം ധോനി പാഴാക്കിയിരുന്നു. ദീപക് ചാഹറിന്റെ പന്തിലാണ് ധോനി അവസരം കളഞ്ഞത്. പൃഥ്വി ഷാ എഡ്ജ് ചെയ്ത പന്ത് ധോനിയുടെ കൈകളില്‍ എത്തുകയായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ട ശബ്ദം ധോനി കേട്ടില്ല. പന്ത് ബാറ്റില്‍ ഉരസുന്നതിന്റെ ശബ്ദം കമന്ററി ബോക്‌സിലിരുന്ന് വ്യക്തമായി കേട്ട സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ധോനിയും ചെന്നൈ ടീമും അപ്പീല്‍ ചെയ്യാത്തതില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ആ സമയത്ത് പൃഥ്വി ഷാ അക്കൗണ്ട് തുറന്നില്ല. പിന്നീട് മികച്ച ബാറ്റിങ്ങിലൂടെ ഷാ കളിയിലെ താരവുമായി. മത്സരത്തില്‍ 44 റണ്‍സിന് ഡല്‍ഹി ചെന്നൈയെ പരാജയപ്പെടുത്തുകയും ചെയ്തു.