വിരാട് കോലിയും അനുഷ്‌ക ശർമയും | Photo: Instagramanushkasharma
ന്യൂഡൽഹി: ഐ.പി.എൽ കമന്ററിക്കിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറുടെ വിവാദ പരാമർശത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്. ഈ വിഷയത്തിൽ അനുഷ്ക ശർമ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്കറെ ട്രോളുന്നത് നല്ല അർഥത്തിലല്ലെന്നും മുൻ ലോക്സഭാ എം.പി കൂടിയായ കീർത്തി ആസാദ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കീർത്തി ആസാദിന്റെ പ്രതികരണം.
'ഇതിഹാസമായ സുനിൽ ഗാവസ്കറെ ട്രോളുന്നത് നല്ല അർഥത്തിലല്ല. അനുഷ്ക ശർമ, നിങ്ങൾ ഇതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. ശാന്തത കൈവിടാതെ ആസ്വദിക്കൂ. ആരേയും മോശക്കാരനാക്കി അവതരിപ്പിക്കുന്ന വ്യക്തിയല്ല സണ്ണി ഭായ്. ഇതൊരു ഫെമിനിസ്റ്റ് വിഷയമായോ വ്യക്തിപരമായ പ്രശ്നമായോ എടുക്കേണ്ട. സണ്ണി ഭായിക്കൊപ്പം കളിക്കാൻ കഴിഞ്ഞതു തന്നെ വലിയ അംഗീകാരമായി കാണുന്ന വ്യക്തിയാണ് ഞാൻ.' ആസാദ് ട്വീറ്റിൽ പറയുന്നു.
നേരത്തെ കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിന്റെ കമന്ററിക്കിടെ ബാംഗ്ലൂർ നായകൻ വിരാട് കോലിയുമായി ബന്ധപ്പെട്ട് ഗാവസ്കർ നടത്തിയ പരാമർശമാണ് വിവാദമായത്. 'ലോക്ക്ഡൗണിൽ അനുഷ്കയുളടെ ബൗളിങ് മാത്രമേ കോലി നേരിട്ടിട്ടുള്ളൂ' എഎന്നായിരുന്നു ഗാവസ്കർ കോലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത്.
ഇതിന് പിന്നാലെ വിരുഷ്ക ആരാധകർ ഗാവസ്കറിനെതിരേ രംഗത്തെത്തി. സ്ത്രീവിരുദ്ധമായി ഗാവസ്കർ സംസാരിച്ചെന്നും കമന്ററി പാനലിൽ നിന്ന് ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. ഭർത്താവിന്റെ മോശം പ്രകടനത്തിലേക്ക് ഭാര്യയെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഗാവസ്കറിനെതിരേ അനുഷ്കയും രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അനുഷ്കയുടെ പ്രതികരണം.
ഇതോടെ ഗാവ്സകർ തന്റെ ഭാഗം വിശദീകരിക്കാൻ നിർബന്ധിതനായി. ലോക്ക്ഡൗൺ കാലത്ത് പരിശീലനം മുടങ്ങിയത് കളിക്കാരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിനിടെ നടത്തിയ പരാമർശം ചിലർ തെറ്റിദ്ധരിച്ചതാണെന്നും പലരും പലതരത്തിൽ വ്യാഖ്യാനിച്ചതിന് താൻ ഉത്തരവാദിയല്ലെന്നും ഗാവസ്കർ വ്യക്തമാക്കി. ലോക്ക്ഡൗണിനിടെ മുംബൈയിലെ ഫ്ളാറ്റിൽ ക്രിക്കറ്റ് കളിക്കുന്ന അനുഷ്കയുടേയും കോലിയുടേയും വീഡിയോ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്നും അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സ്ത്രീവിരുദ്ധമായി സംസാരിച്ചിട്ടില്ലെന്നു ഗാവസ്കർ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.