എം.എസ് ധോനിയും ഗൗതം ഗംഭീറും | Photo: ANI, PTI
ഷാര്‍ജ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍.
ധോനി ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയത് തന്നെ അതിശയിപ്പിച്ചുവെന്നും അദ്ദേഹം ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞ ഗംഭീര്‍, അവസാന ഓവറിലെ ധോനിയുടെ പ്രകടനം കൊണ്ടുള്ള ഗുണം ധോനിക്ക് മാത്രമാണെന്നും തുറന്നടിച്ചു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ ടി20 ടൈം ഔട്ട് എന്ന പരിപാടിയിലായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.
''റുതുരാജ് ഗെയ്ക്‌വാദ്, സാം കറന്‍ എന്നിവരെ നേരത്തെ ഇറക്കി ധോനി ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയത് കണ്ട് സത്യത്തില്‍ ഞാന്‍ അതിശയിച്ചുപോയി. ഇതെന്തിനെന്ന് എനിക്ക് മനസിലാകുന്നേ ഇല്ല. നിങ്ങള്‍ മുന്നില്‍ നിന്ന് നയിക്കേണ്ടയാളാണ്. ഇങ്ങനെയല്ല നയിക്കേണ്ടത്. ഫാഫ് മാത്രം ഒരു പോരാളിയായി.'' - ഗംഭീര്‍ പറഞ്ഞു.
ധോനിയുടെ അവസാന ഓവറിനെ കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാമെന്നും എന്നാല്‍ അതുകൊണ്ട് ഗുണമുണ്ടായത് ധോനിക്ക് മാത്രമാണെന്നും ഗംഭീര്‍ തുറന്നടിച്ചു.
''അതെ, നിങ്ങള്‍ക്ക് എം.എസ് ധോനിയുടെ അവസാന ഓവറിനെ (മൂന്ന് സിക്‌സറുകള്‍ നേടിയ) കുറിച്ച് പറയാം. പക്ഷേ അതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ല. അതെല്ലാം വ്യക്തിഗത റണ്‍സാണ്. നേരത്തെ പുറത്തായി പോകുന്നതില്‍ യാതൊരു തെറ്റുമില്ല, ഇനിയെങ്കിലും മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രമിക്കൂ, ടീമിനെ പ്രചോദിപ്പിക്കാനും.'' - ഗംഭീര്‍ പറഞ്ഞു.
അതേസമയം, ബാറ്റിങ് ഓര്‍ഡറില്‍ ഏഴാമത് ഇറങ്ങിയത് ബാറ്റ് ചെയ്തിട്ട് ഏറെ നാളായ സാഹചര്യത്തിലാണെന്ന് പുരസ്‌കാരദാന ചടങ്ങിനിടെ ധോനി പറഞ്ഞു. ''മത്സര ക്രിക്കറ്റില്‍ ഞാന്‍ ബാറ്റു ചെയ്തിട്ട് കുറേ നാളുകളായി. 14 ദിവസത്തെ ക്വാറന്റീനും ഏറെ പ്രയാസം സൃഷ്ടിച്ചു. ചില പരീക്ഷണങ്ങള്‍ നടത്താമെന്നും കരുതി. അങ്ങനെയാണ് സാം കറനെ പ്രമോട്ട് ചെയ്തത്.'' - ധോനി പറഞ്ഞു.
Content Highlights: IPL 2020 at least start leading from the front Gautam Gambhir on MS Dhoni