അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ല, ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയിട്ടില്ല'; ഗാവസ്‌കര്‍


2 min read
Read later
Print
Share

ലോക്ക്ഡൗണ്‍ കാലത്ത് അനുഷ്‌കയുടെ ബൗളിങ് നേരിടാന്‍ മാത്രമേ കോലി പഠിച്ചിട്ടുള്ളു എന്നായിരുന്നു ഗാവസ്‌കറിന്റെ കമന്റ്.

സുനിൽ ഗാവസ്‌കറും അനുഷ്‌ക ശർമയും | Photo: twitter.com|BCCI, instagram.com|anushkasharma

ദുബായ്: ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ . ഈ പരാമർശത്തിനെതിരേ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗാവസ്കർ വിശദീകരണം നൽകിയത്. വിരാട് കോലി മോശം പ്രകടനം നടത്തിയതിന്റെ പേരിൽ അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയിട്ടില്ലെന്നും ഗാവസ്കർ വ്യക്തമാക്കി.

പഞ്ചാബിനെതിരേ കോലിയുടെ മോശം പ്രകടനം കണ്ട് കമന്ററിക്കിടെയാണ് ഗാവസ്കർ വിവാദ പരാമർശം നടത്തിയത്. ലോക്ഡൗൺ കാലത്ത് അനുഷ്കയുടെ ബൗളിങ് നേരിടാൻ മാത്രമേ കോലി പഠിച്ചിട്ടുള്ളു എന്നായിരുന്നു ഗാവസ്കറിന്റെ കമന്റ്. അനുഷ്കയോടൊപ്പം കോലി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാവസ്കർ ഇത്തരത്തിൽ പരാമർശം നടത്തിയത്.

എന്നാൽ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ഗാവസ്കറിന്റെ വിശദീകരണം.'ആദ്യമായി ഞാൻ ഒരു കാര്യം പറയട്ടെ, ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ല. ഞാൻ ആ വീഡിയോയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. വിരാട് കോലിക്ക് അനുഷ്ക ബൗൾ ചെയ്തുകൊടുക്കുന്ന ആ വീഡിയോയെ കുറിച്ച്. ഈ ലോക്ഡൗൺ സമയത്ത് കോലി അത്രയും ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളു.' ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാവസ്കർ പറയുന്നു.

' ലോക്ഡൗണുള്ളപ്പോൾ സമയം നീങ്ങാൻ വേണ്ടി എല്ലാവരും കളിക്കുന്നതുപോലെയുള്ള ഒരു ടെന്നീസ് ബോൾ കളി മാത്രമായിരുന്നു അത്. അത്രയേയുള്ളു കാര്യം. ഇതിൽ കോലിയുടെ പരാജയത്തിന് ഞാൻ അനുഷ്കയെ എവിടെയാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്?' ഗാവസ്കർ കൂട്ടിച്ചേർത്തു.

ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ ആരോപണത്തേയും ഗാവസ്കർ നിഷേധിച്ചു. വിഡ്ഢിത്തം എന്നാണ് ഗാവസ്കർ ഇതിനെ വിശേഷിപ്പിച്ചത്. 'വിദേശ പര്യടനങ്ങളിൽ ഭാര്യയെ കൂടെക്കൂട്ടാൻ ക്രിക്കറ്റ് താരങ്ങൾക്ക് അനുമതി നൽകണമെന്ന് എപ്പോഴും വാദിക്കുന്ന വ്യക്തിയാണ് ഞാൻ. സാധാരണ ഒരു മനുഷ്യൻ ഒമ്പതു മുതൽ അഞ്ചു വരെയാണ് ജോലി ചെയ്യാറുള്ളത്. അയാൾക്ക് വൈകുന്നേരം വീട്ടിലെത്തി ഭാര്യയെ കാണാം. അതുപോലെ ക്രിക്കറ്റ് താരങ്ങൾ ഭാര്യയെ ഒപ്പം കൂട്ടിയാൽ എന്താണ് പ്രശ്നമെന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്.' ഗാവസ്കർ ചൂണ്ടിക്കാട്ടുന്നു.

കമന്ററിക്കിടയിലെ ഭാഗം വിശദീകരിക്കാനും ഗാവസ്കർ ശ്രമിച്ചു. 'കമന്ററി കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും, ലോക്ഡൗൺ സമയത്ത് പരിശീലനത്തിനുള്ള അവസരം പലർക്കും ലഭിച്ചില്ലെന്ന് സഹ കമന്റേറ്റർ ആകാശ് പറയുന്നുണ്ടായിരുന്നു. ആദ്യ മത്സരങ്ങളിൽ ചില താരങ്ങൾ നിരാശപ്പെടുത്തിയതും അതുകൊണ്ടാണ്. രോഹിതിന് നന്നായി കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചു. ധോനിയും അതുപോലെ തന്നെയായിരുന്നു. ഇങ്ങനെ ലോക്ഡൗൺ സമയത്തെ പരിശീലനത്തെ കുറിച്ച് പറഞ്ഞുവന്നപ്പോഴാണ് അനുഷ്ക കോലിക്ക് ബൗൾ ചെയ്തുകൊടുത്തത് പരാമർശിച്ചത്. ബൗളിങ് എന്നാണ് പറഞ്ഞത്. മറ്റൊരു വാക്കും അവിടെ ഞാൻ ഉപയോഗിച്ചിട്ടില്ല. ഇതിൽ എവിടെയാണ് ലൈംഗികച്ചുവയുള്ള പരാമർശമുള്ളത്. എവിടെയാണ് അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടുള്ളത്?

ആ വീഡിയോയിലുള്ള കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. ചിലപ്പോൾ കോലിയുടെ വീടിന് തൊട്ടടുത്തുള്ള ആരെങ്കിലും പകർത്തിയതാകും ആ വീഡിയോ. പക്ഷേ ഞാൻ പറയാൻ ശ്രമിച്ച കാര്യം കോലി ഉൾപ്പെടെയുള്ള താരങ്ങൾക്കൊന്നും ലോക്ഡൗൺ സമയത്ത് പരിശീലനത്തിന് അവസരം കിട്ടിയില്ല എന്നതാണ്. ഇതിനെ ലൈംഗികച്ചുവയോടെ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്തു ചെയ്യാനാണ്?' ഗാവസ്കർ ചോദിക്കുന്നു.

Content Highlights: Anushka Sharma, Sunil Gavaskar, IPL 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram