പാറ്റ് കമ്മിൻസും ദിനേശ് കാർത്തികും | Photo: Twitter|IPL
ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസ് ഐപിഎല്ലിൽ നിന്ന് പിന്മാറി. യു.എ.ഇയിൽ നടക്കുന്ന ഐപിഎൽ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നാണ് താരം പിന്മാറിയത്. കൊൽക്കത്ത ടീമിലെ സഹതാരം ദിനേശ് കാർത്തിക്കാണ് ഇക്കാര്യം അറിയിച്ചത്.
കൊൽക്കത്തയുടെ ക്യാപ്റ്റൻ ഇയാൻ മോർഗനും ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കും. മോർഗന്റെ കാര്യത്തിൽ തീരുമാനമാകാൻ ഇനിയും സമയമുണ്ടെന്നും ക്യാപ്റ്റാകാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാണെന്നും കാർത്തിക് വ്യക്തമാക്കി. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കാൻ ഇനിയും മൂന്നു മാസമുണ്ട്. അതിനിടയിൽ മാറ്റങ്ങളുണ്ടായേക്കാം. കാർത്തിക് വ്യക്തമാക്കി.
ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽവെച്ച് നടത്തുമെന്ന് ബിസിസിഐ നിർദേശിച്ചെങ്കിലും വിദേശ കളിക്കാർ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. താരങ്ങളെ വിട്ടുനൽകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിന്റെ സമയത്തുതന്നെയാണ് കരീബിയൻ പ്രീമിയർ ലീഗ് എന്നതും മറ്റൊരു പ്രശ്നമാകുന്നു.
Content Highlights: Dinesh Karthik Reveals Pat Cummins Will Not Come For IPL 2021 In UAE