Image Courtesy: IPL
ചെന്നൈ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ 13-ാം സീസണ്‍ നടക്കുമെന്ന് ഉറപ്പായതോടെ ആരാധകരെല്ലാം തന്നെ എം.എസ് ധോനിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. 2019 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീട് ഇതുവരെ ധോനി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല.
ധോനിയുടെ വിരമിക്കല്‍ സംഭവിച്ച അഭ്യൂഹങ്ങളും ഇതിനിടെ വ്യപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ധോനിയുടെ ഭാവിയുടെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് യാതൊരു ആശങ്കയുമില്ലെന്നാണ് സി.ഇ.ഒ കാശി വിശ്വനാഥന്‍ പറയുന്നത്. ധോനിയുടെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. 2022-ലും ധോനി ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13-ാം സീസണ്‍ ആരംഭിക്കുന്നത്. നവംബര്‍ 10-ന് ഫൈനലും നടക്കും.
''ധോനി 2020, 2021 ഐ.പി.എല്ലുകളുടെയും ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം. മിക്കാവാറും 2020-ലും. ധോനി ജാര്‍ഖണ്ഡില്‍ ഇന്‍ഡോര്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചതായുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ ബോസിനെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ധോനിക്ക് വ്യക്തമായ ബോധ്യമുണ്ട്. സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോനി നോക്കിക്കോളും.'' - ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കാശി വിശ്വനാഥന്‍ പറഞ്ഞു.
Content Highlights: MS Dhoni will probably play for Chennai Super Kings in IPL 2022 CEO Kasi Viswanathan