സാഹയും വാർണറും | Photo: twitter.com|IPL
ഷാര്‍ജ: നിര്‍ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു. മൂന്നാം സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നായകന്‍ ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ഈ അനായാസ വിജയം സണ്‍റൈസേഴ്‌സിന് സമ്മാനിച്ചത്. വാര്‍ണര്‍ 58 പന്തില്‍ നിന്നും 85 ഉം സാഹ 45 പന്തുകളില്‍ നിന്നും 58 റണ്‍സും നേടി പുറത്താവാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. ഹൈദരാബാദ് 17.1 ഓവറില്‍ വിജയത്തിലെത്തി
മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സന്ദീപ് ശര്‍മ മൂന്നുവിക്കറ്റെടുത്ത് സണ്‍റൈസേഴ്‌സിനായി തിളങ്ങി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ സ്‌കോര്‍ 12-ല്‍ നില്‍ക്കെ മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശര്‍മയാണ് വിക്കറ്റെടുത്തത്. പരിക്കില്‍ നിന്നും മോചിതനായി ടീമിലെത്തിയ നായകന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്.
രോഹിത് മടങ്ങിയതിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ ഡികോക്ക് ശ്രമിച്ചു. എന്നാല്‍ സ്‌കോര്‍ 39-ല്‍ നില്‍ക്കെ 25 റണ്‍സെടുത്ത ഡികോക്കിനെ പുറത്താക്കി സന്ദീപ് ശര്‍മ മുംബൈയ്ക്ക് വീണ്ടും പ്രഹരം ഏല്‍പ്പിച്ചു. പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി ഇരുവരും കളം നിറഞ്ഞപ്പോള്‍ തകര്‍ച്ചയില്‍ നിന്നും മുംബൈ ഉയര്‍ത്തെഴുന്നേറ്റു.
എന്നാല്‍ സ്‌കോര്‍ 81-ല്‍ നില്‍ക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 35 റണ്‍സെടുത്ത താരത്തെ സാഹ മികച്ച സ്റ്റംപിങ്ങിലൂടെ പുറത്താക്കി. അതേ ഓവറില്‍ തന്നെ ക്രുനാല്‍ പാണ്ഡ്യയെയും പുറത്താക്കി നദീം മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
തൊട്ടടുത്ത ഓവറില്‍ സൗരഭ് തിവാരിയെ മടക്കി റാഷിദ് ഖാന്‍ വീണ്ടും മുംബൈയ്ക്ക് കനത്ത തിരിച്ചടിയേകി. 81 ന് 2 എന്ന നിലയില്‍ നിന്നും 82 ന് 5 എന്ന നിലയിലേക്ക് മുംബൈ കൂപ്പുകുത്തി.
പിന്നീട് ക്രീസിലെത്തിയ പൊള്ളാര്‍ഡും ഇഷാനും ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ 33 റണ്‍സെടുത്ത കിഷനെ മടക്കി സന്ദീപ് ശര്‍മ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെയെത്തിയ കോള്‍ട്ടര്‍ നൈലിനെ ഹോള്‍ഡര്‍ മടക്കിയതോടെ 116 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായി മുംബൈ.
എന്നാല്‍ നടരാജന്‍ എറിഞ്ഞ 19-ാം ഓവറില്‍ തുടരെ മൂന്നുസിക്‌സുകള്‍ പായിച്ച് പൊള്ളാര്‍ഡ് സ്‌കോറിന്റെ വേഗം കൂട്ടി. ഇതുവഴി ഐ.പി.എല്ലില്‍ 3000 റണ്‍സ് നേടുന്ന താരം എന്ന നേട്ടവും താരം കൈവരിച്ചു. 25 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പൊള്ളാര്‍ഡിനെ ഹോള്‍ഡര്‍ അവസാന ഓവറില്‍ പുറത്താക്കി.
മറുപടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 5.1 ഓവറില്‍ സ്‌കോര്‍ 50 കടത്തി. ഇതിനിടയില്‍ വാര്‍ണര്‍ വലിയൊരു നേട്ടം കൈവരിച്ചു.
ഐ.പി.എല്ലില്‍ 500 ഫോറുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ താരവും വാര്‍ണറാണ്. ശിഖര്‍ ധവാനും വിരാട് കോലിയുമാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
സാഹയും വാര്‍ണറും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്‌സ് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. ബുംറയും ബോള്‍ട്ടുമില്ലാത്ത മുംബൈയുടെ ബൗളിങ് നിരയ്ക്ക് മൂര്‍ച്ച കുറവായിരുന്നു. ബൗളിങ് നിരയെ ദാക്ഷിണ്യമില്ലാതെ നേരിട്ട സാഹയും വാര്‍ണറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. വാര്‍ണറുടെ 48-ാമത്തെയും സാഹയുടെ എട്ടാമത്തെയും ഐ.പി.എല്‍ അര്‍ധസെഞ്ചുറിയാണ് ഇന്ന് പിറന്നത്. വൈകാതെ ഇരുവരും ചേര്‍ന്ന് 17.1 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഇവര്‍ ആദ്യ വിക്കറ്റില്‍ 151 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Sunrisers Hyderabad will be eager to come out to a must win encounter against mumbai