വില്യംസണും ഹോൾഡറും | Photo: https:||twitter.com|IPL
അബുദാബി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫയറില്‍ പ്രവേശിച്ചു. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് വിജയം കൈവരിച്ചത്. വില്യംസണ്‍ 44 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സണ്‍റൈസേഴ്‌സിനെ വില്യംസണ്‍ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിന്റെ കരുത്തിലാണ് 131 റണ്‍സെടുത്തത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍മാരെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. ആദ്യ ഓവറുകളില്‍ തന്നെ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് കളിയുടെ ഗതി മാറ്റി.
ആദ്യ ഓവറില്‍ തന്നെ പുതുമുഖതാരമായ ഗോസ്വാമിയെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് ആശ്വാസമേകി. എന്നാല്‍ പിന്നാലെയെത്തിയ മനീഷ് പാണ്ഡെ അനായാസം ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്‌സ് കളിയിലേക്ക് തിരിച്ചുവന്നു. വാര്‍ണര്‍ പാണ്ഡെയ്ക്ക് പിന്തുണയേകി.
എന്നാല്‍ സ്‌കോര്‍ 43-ല്‍ നില്‍ക്കെ വാര്‍ണറെ മടക്കി സിറാജ് വീണ്ടും സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. 17 റണ്‍സാണ് നായകന് നേടാനായത്. പിന്നാലെയെത്തിയ വില്യംസണെ കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ ടീം സ്‌കോര്‍ 50 കടത്തി.
എന്നാല്‍ 24 റണ്‍സെടുത്ത മനീഷിനെ പുറത്താക്കി ആദം സാംപ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. പിന്നാലെ ഏഴുറണ്‍സെടുത്ത പ്രിയം ഗാര്‍ഗിനെ ചാഹല്‍ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് വിയര്‍ത്തു.
പിന്നീട് ക്രീസിലെത്തിയ ഹോള്‍ഡറെ കൂട്ടുപിടിച്ച് വില്യംസണ്‍ പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. മികച്ച പ്രകടനമാണ് വില്യംസണ്‍ പുറത്തെടുത്തത്. പിന്നാലെ ഹോള്‍ഡറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.
അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് വേണ്ടിയിരുന്നത്. സൈനി എറിഞ്ഞ ഓവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ നേടി ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചു. ഹോള്‍ഡര്‍ 20 പന്തുകളില്‍ നിന്നും 24 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ബാംഗ്ലൂരിന് വേണ്ടി സിറാജ് രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാംപ, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ആറുറണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ കോലിയെ മടക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ കോലിയുടെ തീരുമാനം പാളി. നാലാം ഓവറില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി ഹോള്‍ഡര്‍ ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കി.
പിന്നീട് ഒത്തുചേര്‍ന്ന ആരോണ്‍ ഫിഞ്ചും എ.ബി.ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 32 റണ്‍സ് മാത്രമാണ് നേടിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഒരു കിടിലന്‍ സിക്‌സിലൂടെ ഫിഞ്ച് ഐ.പി.എല്ലില്‍ 2000 റണ്‍സ് പിന്നിട്ടു.
എന്നാല്‍ തൊട്ടുപിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഫിഞ്ച് പുറത്തായി. 32 റണ്‍സെടുത്ത താരത്തെ നദീം പുറത്താക്കി. അതേ ഓവറില്‍ തന്നെ മോയിന്‍ അലി റണ്‍ ഔട്ടാകുകയും ചെയ്തു. ഫ്രീ ഹിറ്റ് ബോളിലാണ് അലി റണ്‍ ഔട്ട് ആയത്.
അലി മടങ്ങിയശേഷം ശിവം ദുബെ ക്രീസിലെത്തി. ദുബെയെ സാക്ഷിയാക്കി ഡിവില്ലിയേഴ്‌സ് സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. എന്നാല്‍ ദുബെയെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സ്‌കോര്‍ 100 കടത്തി ഡിവില്ലിയേഴ്‌സ് അര്‍ധശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ ഡിവില്ലിയേഴ്‌സിന്റെ അഞ്ചാം അര്‍ധശതകമാണ് ഇന്ന് പിറന്നത്.
അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കി നടരാജന്‍ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. 43 പന്തുകളില്‍ നിന്നും 56 റണ്‍സാണ് താരം നേടിയത്.
അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനിയും സിറാജുമാണ് സ്‌കോര്‍ 130 കടക്കാന്‍ സഹായിച്ചത്.
സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Royal Challengers Bangalore will clash with Sunrisers Hyderabad in the Eliminator of IPL 2020