ക്വിൻറൺ ഡി കോക്ക് | Photo: twitter.com|IPL
അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.
ക്വിന്റണ്‍ ഡികോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ഐ.പി.എൽ വേദിയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ മുംബൈയ്ക്ക് സാധിച്ചു.
നിശ്ചിത ഓവറില്‍ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റൺസാണ് എടുത്തത്. ഡല്‍ഹിയ്ക്ക് വേണ്ടി ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈ ബൗളേഴ്‌സാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഡല്‍ഹിയെ തടഞ്ഞത്.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോള്‍ട്ട് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെ തരക്കേടില്ലാതെ ബാറ്റേന്തി. ഈ സീസണില്‍ ഇതാദ്യമായാണ് രഹാനെയ്ക്ക് അവസരം ലഭിക്കുന്നത്. 15 റണ്‍സെടുത്ത രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രുനാല്‍ പാണ്ഡ്യ വീണ്ടും ഡല്‍ഹിയ്ക്ക് പ്രഹരമേല്‍പ്പിച്ചു.
പിന്നീട് ഒത്തുചേര്‍ന്ന ധവാനും ശ്രേയസ്സും ചേര്‍ന്ന് മികച്ച ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുനാല്‍ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇിരുവരും ചേര്‍ന്ന് 85 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 33 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് ശ്രേയസ് പുറത്തായപ്പോള്‍ ഡല്‍ഹി പരുങ്ങലിലായി.
എന്നാല്‍ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. ഇതിനിടയില്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച് സ്‌റ്റോയിനിസ് റണ്‍ ഔട്ട് ആയി. 13 റണ്‍സാണ് സ്‌റ്റോയിനിസ് നേടിയത്.
സ്‌റ്റോയിനിസിന് പകരമെത്തിയത് മറ്റൊരു ഓസിസ് ബാറ്റ്‌സ്മാനായ അലക്‌സ് ക്യാരിയാണ്. അദ്ദേഹത്തിന്റെ ആദ്യ ഐ.പി.എല്‍ മത്സരമായിരുന്നു ഇത്. മധ്യ ഓവറുകളില്‍ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളില്‍ ആ ഫോം തുടരാന്‍ ഡല്‍ഹിക്കായില്ല. ക്യാരിയ്ക്കും കാര്യമായി റണ്‍സെടുക്കാനായില്ല. ധവാന്റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 160 കടത്തിയത്. അദ്ദേഹം പുറത്താവാതെ 52 പന്തില്‍ നിന്നും 69 റണ്‍സെടുത്തു.
മുംബൈയ്ക്ക് വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുനാല്‍ പാണ്ഡ്യ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റ് വീഴത്തി.
163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല. രോഹിത്ത് 12 പന്തില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് മടങ്ങി. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്. സ്‌കോര്‍ 31-ല്‍ നില്‍ക്കെയാണ് രോഹിത്ത് പുറത്തായത്.
വിക്കറ്റ് വീണിട്ടും അത് കാര്യമാക്കാതെ ഡി കോക്ക് മികവുറ്റ ഫോമാണ് പുറതത്തെടുത്തത്. അനായാസം അദ്ദേഹം ബൗണ്ടറികള്‍ നേടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഡി കോക്കിന് പിന്തുണയേകി. ഇരുവരും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇതിനിടയില്‍ 33 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടി.
എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിന്‍ കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 36 പന്തുകളില്‍ നിന്നും 53 റണ്‍സാണ് താരമെടുത്തത്. ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തു. 30 ബോളുകളില്‍ നിന്നും സൂര്യകുമാര്‍ അര്‍ധശതകം നേടി. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ സൂര്യകുമാറിനെ പുറത്താക്കി റബാദ മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ സ്‌റ്റോയിനിസ് വെടിക്കെട്ട് താരമായയ ഹാര്‍ദിക്കിനെ പൂജ്യനായി മടക്കി മുംബൈയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അനായാസം ജയിക്കും എന്ന നിലയില്‍ നിന്നും മുംബൈ വീണ്ടും തകര്‍ച്ചയിലേക്ക് വീണു. എന്നാല്‍ ഇഷാന്‍ കിഷനും ഹാര്‍ദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡും ചേര്‍ന്ന് ഇന്നിങ്‌സ് കരകയറ്റി. 28 റണ്‍സെടുത്ത കിഷന്‍ മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. അവസാനം പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു.
ഡൽഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ, സ്റ്റോയിനിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: Mumbai Indians take on Delhi Capitals in battle of equals