വിക്കറ്റ് നേടിയ സിറാജിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ | Photo: twitter.com|IPL
അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാണം കെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10 കളികളില്‍ നിന്നും 14 പോയന്റുകള്‍ നേടി ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് എടുത്തത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ ഇത്രയും ചെറിയ സ്‌കോറിന് ഒതുക്കിയത്.
ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണിത്. ഓള്‍ ഔട്ട് ആകാതെ ഒരു ടീം ഐ.പി.എല്ലില്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണംകെട്ട റെക്കോഡും ഈ മത്സരത്തിലൂടെ കൊല്‍ക്കത്തയ്ക്ക് സ്വന്തമായി. പേരുകേട്ട കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയ്ക്ക് ഒരിക്കല്‍ പോലും തിളങ്ങാനായില്ല. 34 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്‍ഗന്‍ മാത്രമാണ് നാണംകെട്ട സ്‌കോര്‍ നേടുന്നതില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത്.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മുഹമ്മദ് സിറാജിന്റെ തീപാറുന്ന പന്തുകള്‍ക്ക്മുന്നില്‍ ആദ്യ ഓവറുകളില്‍ തന്നെ മുട്ടുമടക്കി.
രണ്ടാം ഓവറില്‍ തന്നെ ത്രിപാഠിയെ മടക്കി മുഹമ്മദ് സിറാജ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഒരു റണ്‍ മാത്രമാണ് താരത്തിന് എടുക്കാനായത്. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അതോടെ 1.4 ഓവറില്‍ 3 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി കൊല്‍ക്കത്ത.
തൊട്ടടുത്ത ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ സെയ്‌നി മടക്കിയതോടെ മൂന്നു റണ്‍സിന് മൂന്നുവിക്കറ്റ് എന്ന നാണംകെട്ട സ്‌കോറിലേക്ക് കൊല്‍ക്കത്ത വീണു. തുടക്ക ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇന്ന് ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ടോം ബാന്റണ്‍ രണ്ട് ബൗണ്ടറികള്‍ നേടി സ്‌കോര്‍ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനോഹരമായ ഒരു ബോളിലൂടെ സിറാജ് വീണ്ടും കൊല്‍ക്കത്തയെ തകര്‍ത്തു.
10 റണ്‍സാണ് ബാന്റണ്‍ നേടിയത്. പവര്‍പ്ലേയില്‍ രണ്ടോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിറാജ് അത്ഭുതമായി മാറി. സ്വപ്നതുല്യമായ തുടക്കമാണ് ബൗളര്‍മാര്‍ ബാംഗ്ലൂരിന് നല്‍കിയത്. സിറാജ് തുടര്‍ച്ചയായി രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് റെക്കോഡ് സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരുതാരം തുടര്‍ച്ചായി രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്നത്.
പവര്‍പ്ലേയില്‍ കൊല്‍ക്കത്ത നേടിയത് വെറും 17 റണ്‍സാണ് അതും നാല് വിക്കറ്റ് നഷ്ടത്തില്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കുറച്ച് റണ്‍സ് നേടിയ ടീം എന്ന നാണംകെട്ട റെക്കോഡും കൊല്‍ക്കത്തയ്ക്ക് ലഭിച്ചു.
പിന്നീട് ഒത്തുചേര്‍ന്ന കാര്‍ത്തിക്കും മോര്‍ഗനും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കുന്നതിനിടെ കാര്‍ത്തിക്കിനെ പുറത്താക്കി ചാഹല്‍ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. 14 പന്തുകളില്‍ നിന്നും വെറും നാല് റണ്‍സ് മാത്രം നേടി കാര്‍ത്തിക്ക് ഈ കളിയിലും പരാജയമായി. പിന്നാലെയെത്തിയ പാറ്റ് കമ്മിന്‍സിനും കാര്യമായൊന്നും ചെയ്യാനായില്ല. നാല് റണ്‍സെടുത്ത കമ്മിന്‍സിനെ ചാഹല്‍ പുറത്താക്കി. അതോടെ സ്‌കോര്‍ 40 ന് ആറ് എന്ന നിലയിലായി.
പിന്നാലെയെത്തിയ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് മോര്‍ഗന്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ 30 റണ്‍സെടുത്ത മോര്‍ഗനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ക്ക് കൂച്ചുവിലങ്ങിട്ടു. അവസാന ഓവറുകളില്‍ ബേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഫെര്‍ഗൂസനും കുല്‍ദീപും ചേര്‍ന്നാണ് സ്‌കോര്‍ 80 കടത്തിയത്.
ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ വെറും 8 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി. സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
2012 ന് ശേഷം റസ്സലും നരെയ്‌നുമില്ലാതെ കൊല്‍ക്കത്ത കളിച്ച ആദ്യ മത്സരമായിരുന്നു ഇത്.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍മാര്‍ നല്‍കിയത്. ദേവ്ദത്ത് പടിക്കലും ഫിഞ്ചും ചേര്‍ന്ന് അനായാസം കൊല്‍ക്കത്ത ബൗളര്‍മാരെ നേരിട്ടു. ഇരുവരും ശ്രദ്ധയോടെ കളിച്ച് പവര്‍പ്ലേയില്‍ 44 റണ്‍സ് കണ്ടെത്തി. എന്നാല്‍ എഴാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ മടക്കി ലോക്കി ഫെര്‍ഗൂസന്‍ ബാംഗ്ലൂരിന് ആദ്യ പ്രഹരമേകി. 16 റണ്‍സാണ് ഫിഞ്ച് നേടിയത്. ആ ഓവറില്‍ തന്നെ ദേവദത്ത് റണ്ണൗട്ടായി മടങ്ങിയതോടെ ബാംഗ്ലൂര്‍ പരുങ്ങലിലായി.
എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ കോലിയും ഗുര്‍കീരത്തും ചേര്‍ന്ന് അനായാസേന ടീമിനെ വിജയത്തിലെത്തിച്ചു. ഗുര്‍കീരത് 21 ഉം കോലി 18 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഒരു വിക്കറ്റ് നേടി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Kolkata Knight Riders will take on Royal Challengers Bangalore in their IPL match in Abu Dhabi