വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ | Photo: twitter.com|IPL
ദുബായ്: ആവേശം അലതല്ലിയ മത്സരത്തില്‍ അവിശ്വസനീയമായി തിരിച്ചുവന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. 127 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് 114 റണ്‍സിന് ഓള്‍ ഔട്ടായി. 12 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ അനായാസ വിജയം കരസ്ഥമാക്കും എന്ന നിലയില്‍ നിന്നാണ് സണ്‍റൈസേഴ്‌സ് തകര്‍ന്നടിഞ്ഞത്.
ഉശിരോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാരാണ് ഈ വിജയം ടീമിന് സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചായ നാലുമത്സരങ്ങള്‍ വിജയിച്ച് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. എന്നാല്‍ സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.
മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപും ക്രിസ് ജോര്‍ദനുമാണ് സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഷമി, എം.അശ്വിന്‍, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ചെറിയ സ്‌കോര്‍ ആയിരുന്നിട്ട് പോലും അത് പ്രതിരോധിക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും സണ്‍റൈസേഴ്‌സിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആ അവസരം പ്രയോജനപ്പെടുത്താനായില്ല. 35 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
പഞ്ചാബ് നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കിയത്. 32 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മികച്ച തുടക്കം ലഭിച്ചതിനുശേഷമായിരുന്നു പഞ്ചാബിന്റെ പതനം. പരിക്കേറ്റ് പുറത്തായ മായങ്ക് അഗര്‍വാളിന് പകരം ഓപ്പണറായി രാഹുലിനൊപ്പം ഇറങ്ങിയത് മന്‍ദീപ് സിങ്ങാണ്. ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട പ്രകടനമാണ് ആദ്യ വിക്കറ്റില്‍ കാഴ്ചവെച്ചത്.
രാഹുല്‍ അനായാസം റണ്‍സ് നേടിയപ്പോള്‍ മന്‍ദീപ് സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി. സ്‌കോര്‍ 37-ല്‍ നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച മന്‍ദീപ് സന്ദീപ് ശര്‍മയുടെ പന്തില്‍ പുറത്തായി. 17 റണ്‍സാണ് താരം നേടിയത്. സന്ദീപ് ശര്‍മ ഇതോടെ ഐ.പി.എല്ലില്‍ 100 വിക്കറ്റുകള്‍ തികച്ചു. 87 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.
മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലായിരുന്നു. സ്വതസിദ്ധമായ രീതിയില്‍ ഗെയ്ല്‍ ബാറ്റ് വീശാന്‍ തുടങ്ങിയതോടെ സ്‌കോര്‍ 50 കടന്നു. രാഹുലും ഗെയ്‌ലും വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. എന്നാല്‍ ജേസണ്‍ ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 റണ്‍സെടുത്ത ഗെയ്‌ലിനെ മടക്കിയതിനുപിന്നാലെ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാഹുലിനെ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ പഞ്ചാബ് തകര്‍ച്ചയിലേക്ക് വീണു.
പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരനും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് പതിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ മാക്‌സ്വെല്ലിനെ പുറത്താക്കി സന്ദീപ് ശര്‍മ വീണ്ടും വിക്കറ്റ് സ്വന്തമാക്കി. 12 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെയെത്തിയ ദീപക് ഹൂഡയും പൂജ്യനായി മടങ്ങിയതോടെ പഞ്ചാബിന്റെ സ്‌കോര്‍ 88 ന് അഞ്ച് എന്നായി. റാഷിദ് ഖാനാണ് ഹൂഡയെ പുറത്താക്കിയത്.
പിന്നീട് ക്രീസിലെത്തിയ ക്രിസ് ജോര്‍ദനെ കൂട്ടുപിടിച്ച് പൂരന്‍ സ്‌കോര്‍ 100 കടത്തി. എന്നാല്‍ ജോര്‍ദനെ പുറത്താക്കി ഹോല്‍ഡര്‍ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെവന്ന മുരുകന്‍ അശ്വിന്‍ റണ്‍ഔട്ട് ആകുകയും ചെയ്തു. തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കാറുള്ള പൂരനെ അവസാന ഓവറുകളില്‍ തളച്ച് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
സണ്‍റൈസേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. വാര്‍ണറായിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും ചേര്‍ന്ന് ആറാം ഓവറില്‍ തന്നെ സ്‌കോര്‍ 50 കടത്തി.
എന്നാല്‍ ഏഴാം ഓവറില്‍ വാര്‍ണറെ പുറത്താക്കി യുവതാരം രവി ബിഷ്‌ണോയി കളി പഞ്ചാബിന് അനുകൂലമാക്കി. 20 പന്തുകളില്‍ നിന്നും 35 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
അധികം വൈകാതെ 19 റണ്‍സെടുത്ത ബെയര്‍സ്റ്റോയും മടങ്ങി. എം.അശ്വിന്‍ താരത്തെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ സണ്‍റൈസേഴ്‌സ് പരുങ്ങലിലായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന, കഴിഞ്ഞ മത്സരത്തിലെ സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പികളായ മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേര്‍ന്ന് വളരെ ശ്രദ്ധയോടെ കളിച്ചു. വിക്കറ്റുകള്‍ വീഴാതെ പരമാവധി സിംഗിളുകളെടുത്ത് ഇരുവരും സ്‌കോര്‍ ചലിപ്പിച്ചു.
അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാനുള്ള മനീഷ് പാണ്ഡെയുടെ ശ്രമം എന്നാല്‍ ഫലവത്തായില്ല. സിക്‌സ് നേടാനുള്ള ശ്രമത്തില്‍ ക്രിസ് ജോര്‍ദന് വിക്കറ്റ് സമ്മാനിച്ച് മനീഷ് മടങ്ങി. വിജയ് ശങ്കറിനൊപ്പം സ്‌കോര്‍ 100 കടത്തിയതിനുശേഷമാണ് മനീഷ് ക്രീസ് വിട്ടത്. 15 റണ്‍സാണ് താരം നേടിയത്.
18-ാം ഓവറില്‍ 26 റണ്‍സെടുത്ത വിജയ് ശങ്കറിനെ പുറത്താക്കി അര്‍ഷ്ദീപ് കളി ആവേശക്കൊടുമുടിയിലെത്തിച്ചു. ഒരു ഘട്ടത്തില്‍ അനായാസ വിജയം നേടുമെന്നുകരുതിയ സണ്‍റൈസേഴ്‌സ് അവസാന ഓവറുകളില്‍ പരുങ്ങുന്ന കാഴ്ചയാണ് കണ്ടത.്.
പിന്നാലെ ബൗള്‍ ചെയ്ത ക്രിസ് ജോര്‍ദന്‍ അടുത്തടുത്ത ബോളുകളില്‍ ജേസണ്‍ ഹോള്‍ഡറെയും റാഷിദ് ഖാനെയും മടക്കി പഞ്ചാബിന് വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് തകര്‍ന്നു.
അര്‍ഷ്ദീപ് അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ആ ഓവറില്‍ സണ്‍റൈസേഴ്‌സ് ഓള്‍ ഔട്ടായി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Kings XI Punjab will clash with Sunrisers Hyderabad in IPL 2020