Photo:iplt20.com
ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 60 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ബാക്കി മത്സരഫലങ്ങളെ ആശ്രയിച്ചാകും അവരുടെ സാധ്യത.
192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ കൂട്ടത്തകര്‍ച്ചയാണ് ദുബായില്‍ കണ്ടത്.
ആദ്യ ഓവറില്‍ തല്ലു വാങ്ങിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന പാറ്റ് കമ്മിന്‍സാണ് രാജസ്ഥാന്‍ മുന്‍നിരക്ക് ചരമക്കുറിപ്പെഴുതിയത്. കമ്മിന്‍സ് ആഞ്ഞടിച്ചപ്പോള്‍ ആദ്യ അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി.
റോബിന്‍ ഉത്തപ്പ (6), ബെന്‍ സ്റ്റോക്ക്‌സ് (18), സ്റ്റീവ് സ്മിത്ത് (4), റിയാന്‍ പരാഗ് എന്നിവരെയാണ് കമ്മിന്‍സ് മടക്കിയത്. സഞ്ജു സാംസണെ (1) ശിവം മാവിയും പുറത്താക്കി.
അവസാന പ്രതീക്ഷയായിരുന്ന ജോസ് ബട്ട്‌ലര്‍ 22 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്ത് 11-ാം ഓവറില്‍ പുറത്തായതോടെ രാജസ്ഥാന്റെ പതനം പൂര്‍ത്തിയായി. രാഹുല്‍ തെവാട്ടിയ 27 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി.
ശ്രേയസ് ഗോപാല്‍ 23 റണ്‍സോടെ പുറത്താകാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍ (6), കാര്‍ത്തിക് ത്യാഗി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
കൊല്‍ക്കത്തയ്ക്കായി ശിവം മാവിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്.
ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ ആറു സിക്‌സും അഞ്ചു ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു.
ഫോമിലുള്ള നിതീഷാ റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുന്നത് കണ്ടാണ് കൊല്‍ക്കത്ത ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്‍ - രാഹുല്‍ ത്രിപാഠി സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
24 പന്തുകള്‍ നേരിട്ട ഗില്‍ ആറു ഫോറുകളടക്കം 36 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠി 34 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 39 റണ്‍സെടുത്ത് പുറത്തായി.
സുനില്‍ നരെയ്‌നും (0) ദിനേഷ് കാര്‍ത്തിക്കും (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.
11 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ഫോറുമടക്കം തകര്‍ത്തടിച്ച ആന്ദ്രേ റസ്സല്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും 25 റണ്‍സില്‍ നില്‍ക്കെ കാര്‍ത്തിക് ത്യാഗി താരത്തെ ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. പാറ്റ് കമ്മിന്‍സാണ് (15) പുറത്തായ മറ്റൊരു താരം.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. കാര്‍ത്തിക് ത്യാഗി രണ്ടു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Rajasthan Royals and Kolkata Knight Riders play their final league match