Photo:iplt20.com
ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്.
നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു.
ഞായറാഴ്ച നടന്ന തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ നടന്ന കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു.
ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. 11 റണ്‍സാണ് മുംബൈ രണ്ടാം സൂപ്പര്‍ ഓവറില്‍ നേടിയത്.
നേരത്തെ ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കുമാണ് മുംബൈക്കായി ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത്.
ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബുംറ വെറും അഞ്ചു റണ്‍സ് മാത്രമാണ് വഴങ്ങിയത്. സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബുംറ നിക്കോളാസ് പൂരനെ മടക്കിയ താരം അവസാന പന്തില്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. പഞ്ചാബിനായി ആദ്യ സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഷമി മുംബൈ ബാറ്റ്‌സ്മാന്‍മാരെ അഞ്ചു റണ്‍സില്‍ തന്നെ ഒതുക്കി.
നിശ്ചിത ഓവറില്‍ മുംബൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇന്നിങ്‌സ് 176-ല്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
നേരത്തെ മുംബൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 51 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 77 റണ്‍സെടുത്തു. 18-ാം ഓവറില്‍ രാഹുലിനെ ബുംറ പുറത്താക്കിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.
16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ദീപക് ഹൂഡ പൊരുതി നോക്കിയെങ്കിലും അവസാന പന്തിൽ ക്രിസ് ജോർദാൻ റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. രാഹുല്‍ പുറത്തായ ശേഷം പഞ്ചാബിനെ 176-ല്‍ എത്തിച്ചത് ഹൂഡയായിരുന്നു. രണ്ടു തവണയാണ് ഹൂഡയെ മുംബൈ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ 33 റണ്‍സടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 11 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുറത്താക്കി ബുംറയാണ് പഞ്ചാബിന്റെ ഓപ്പണിങ് സഖ്യം പൊളിച്ചത്.
പിന്നാലെ എത്തിയ ക്രിസ് ഗെയ്ല്‍ 21 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സെടുത്തു. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ചാഹറാണ് ഗെയ്‌ലിനെ മടക്കിയത്.
തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്‍ 12 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 24 റണ്‍സെടുത്ത് പുറത്തായി. തുടര്‍ച്ചയായ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന് അക്കൗണ്ട് തുറക്കാനായില്ല. മുംബൈക്കായി ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ രോഹിത് ശര്‍മ (9), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് - ക്രുണാല്‍ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
30 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ ഹാര്‍ദി പാണ്ഡ്യയും (8) മടങ്ങി.
തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊളളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നെയ്‌ലും ചേര്‍ന്നാണ് മുംബൈയെ 176-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 21 പന്തില്‍ നിന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്.
പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് നാലു സിക്‌സറുകളടക്കം 34 റണ്‍സെടുത്തു. കോള്‍ട്ടര്‍-നെയ്ല്‍ 12 പന്തില്‍ നിന്ന് നാലു ഫോറടക്കം 24 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Mumbai Indians takes on Kings XI Punjab