Photo:iplt20.com
അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടായി.
മികച്ച ബൗളിങ് പ്രകടനത്തിലൂടെ മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈ നിരയില്‍ തിളങ്ങിയത്.
44 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാലു ഫോറുമടക്കം 70 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതി നോക്കിയത്. ബൗണ്ടറി ലൈനില്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബട്ട്‌ലര്‍ പുറത്തായത്.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ 17 പന്തുകള്‍ക്കുള്ളില്‍ യശസ്വി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. വൈകാതെ 13 പന്തില്‍ നിന്ന് 11 റണ്‍സുമായി മഹിപാല്‍ ലോംറോറും മടങ്ങി.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ടോം കറനെ കൂട്ടുപിടിച്ച് ബട്ട്‌ലര്‍ 56 റണ്‍സ് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 16 പന്തുകള്‍ നേരിട്ട കറന്‍ 15 റണ്‍സുമായി മടങ്ങുകയായിരുന്നു.
മുംബൈക്കായി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുബൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈക്കായി തിളങ്ങിയത്. 47 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്‌സും 11 ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.
സൂര്യകുമാറും ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാം വിക്കറ്റില്‍ 76 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. 19 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മുംബൈക്കായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 4.5 ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. ഡിക്കോക്കിനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം ഡിക്കോക്ക് 23 റണ്‍സെടുത്തു.
എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ രോഹിത്തിനെയും ഇഷാന്‍ കിഷനെയും വീഴ്ത്തി ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 23 പന്തില്‍ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 35 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. തൊട്ടടുത്ത പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഇഷാന്‍ കിഷന്‍ സഞ്ജുവിന്റെ കൈകളില്‍ അവസാനിച്ചു.
പിന്നാലെ ക്രുനാല്‍ പാണ്ഡ്യയെ ഇറക്കിയെങ്കിലും 17 പന്തില്‍ നിന്ന് 12 റണ്‍സെടുക്കാനേ ക്രുനാലിന് സാധിച്ചുള്ളൂ. രാജസ്ഥാനായി നാല് ഓവര്‍ എറിഞ്ഞ ശ്രേയസ് ഗോപാല്‍ 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Mumbai Indians meet Rajasthan Royals at Abu Dhabi