Photo: https:||twitter.com|IPL
അബുദാബി: ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്.
196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് സഞ്ജു സാംസണ്‍ - ബെന്‍ സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടാണ് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 10 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ വിജയത്തിലെത്തി.
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്ക്‌സ് 60 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 14 ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു.
അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റണ്‍സുമായി സ്റ്റോക്ക്‌സിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടുപേരും മുംബൈ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ആറു പേര്‍ പന്തെറിഞ്ഞിട്ടും റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ മുംബൈക്ക് സാധിച്ചില്ല.
രണ്ടാം ഓവറില്‍ റോബിന്‍ ഉത്തപ്പയേയും (13) അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും (11) നഷ്ടമായ ശേഷമായിരുന്നു രാജസ്ഥാനു വേണ്ടി സഞ്ജു സാംസണ്‍ - ബെന്‍ സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടിന്റെ രക്ഷാപ്രവര്‍ത്തനം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്.
വെറും 21 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 60 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 195-ല്‍ എത്തിച്ചത്. അങ്കിത് രജ്പുത്തിന്റെ ഒരു ഓവറില്‍ നാലു സിക്സടക്കം 27 റണ്‍സ് അടിച്ചുകൂട്ടിയ ഹാര്‍ദിക് കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിലും 27 റണ്‍സെടുത്തു.
നേരത്തെ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിനെ (6) നഷ്ടമായെങ്കിലും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈക്കായി പവര്‍പ്ലേയില്‍ 59 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
36 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 37 റണ്‍സെടുത്ത ഇഷാന്‍ കിഷനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് കിഷന്‍ പുറത്തായത്.
13-ാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും കിറോണ്‍ പൊള്ളാര്‍ഡിനെയും (6) പുറത്താക്കിയ ശ്രേയസ് ഗോപാലാണ് മധ്യ ഓവറുകളില്‍ മുംബൈയുടെ റണ്ണൊഴുക്ക് തടഞ്ഞത്. 26 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 40 റണ്‍സെടുത്താണ് സൂര്യകുമാര്‍ യാദവ് പുറത്തായത്.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹാര്‍ദിക് - സൗരഭ് തിവാരി സഖ്യം 64 റണ്‍സ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തു. 25 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത സൗരഭ് തിവാരി പുറത്തായ ശേഷമായിരുന്നു ഹാര്‍ദിക്കിന്റെ വെടിക്കെട്ട്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം
Content Highlights: IPL 2020 Mumbai Indians aiming their eighth win against struggling Rajasthan Royals