Photo: twitter.com|IPL
അബുദാബി: ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 49 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു.
മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
പതിഞ്ഞ തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9) എന്നിവരെ നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് - നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 10 ഓവര്‍ പിന്നിടുമ്പോള്‍ വെറും 70 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
23 പന്തില്‍ 30 റണ്‍സെടുത്ത കാര്‍ത്തിക്കിനെ 11-ാം ഓവറില്‍ രാഹുല്‍ ചാഹര്‍ മടക്കി. 18 പന്തില്‍ 24 റണ്‍സെടുത്ത റാണയെ പൊള്ളാര്‍ഡും പുറത്താക്കി. കൊല്‍ക്കത്ത ആരാധകരുടെ പ്രതീക്ഷയായിരുന്ന വമ്പനടിക്കാരായ ആന്ദ്രെ റസ്സലിനും ഓയിന്‍ മോര്‍ഗനും മുംബൈ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. 11 റണ്‍സെടുത്ത റസ്സലിനെ ബൗള്‍ഡാക്കിയ ബുംറ 16 റണ്‍സെടുത്ത മോര്‍ഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു.
വാലറ്റത്ത് 12 പന്തില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ബുംറയുടെ ഒരു ഓവറില്‍ നാലു സിക്‌സറുകളാണ് കമ്മിന്‍സ് പറത്തിയത്.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയിക്കുമെന്ന തോന്നലുണ്ടാക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. മുംബൈക്കായി പന്തെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ബുംറ, ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് 50 തികച്ച രോഹിത് 54 പന്തുകള്‍ നേരിട്ട് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്താണ് പുറത്തായത്. ഐ.പി.എല്ലില്‍ 200 സിക്‌സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും പിന്നീട് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.
28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ സൗരഭ് തിവാരി 21 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. കിറോണ്‍ പൊള്ളാര്‍ഡ് (13*), ക്രുണാല്‍ പാണ്ഡ്യ (1*) എന്നിവര്‍ പുറത്താകാതെ നിന്നു.
കൊല്‍ക്കത്ത ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ്, സന്ദീപ് വാര്യര്‍ എന്നിവര്‍ നന്നായി തല്ലുവാങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്ത നിരയില്‍ മികച്ചു നിന്നത്. യുവ താരം ശിവം മാവിയും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു മെയ്ഡനടക്കം നാല് ഓവര്‍ എറിഞ്ഞ മാവി രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണത്തെ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Kolkata Knight Riders takes on Mumbai Indians at sheikh zayed stadium Abu Dhabi