Photo:iplt20.com
അബുദാബി: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 59 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയെ തകര്‍ത്തത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് വരുണ്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
38 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ അജിങ്ക്യ രഹാനെയെ (0) മടക്കി പാറ്റ് കമ്മിന്‍സ് ഡല്‍ഹിയെ ഞെട്ടിച്ചു. മൂന്നാം ഓവറില്‍ ഫോമിലുള്ള ശിഖര്‍ ധവാനെയും (6) കമ്മിന്‍സ് പുറത്താക്കി.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 76 വരെയെത്തിച്ചു. ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 27 റണ്‍സെടുത്ത പന്തിനെ പുറത്താക്കി വരുണ്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 14-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഷിംറോണ്‍ ഹെറ്റ്മയറെയും (10) ശ്രേയസ് അയ്യരെയും പുറത്താക്കിയ വരുണ്‍ ഡല്‍ഹിയുടെ വിധിയെഴുതി. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്‌നിസ് (6), അക്ഷര്‍ പട്ടേല്‍ (9) എന്നിവരെയും വരുണ്‍ മടക്കിയതോടെ ഡല്‍ഹിയുടെ വിധി കുറിക്കപ്പെട്ടു.
കഗിസോ റബാദ (9), തുഷാര്‍ ദേശ്പാണ്ഡെ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആര്‍. അശ്വിന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അര്‍ധ സെഞ്ചുറി നേടിയ സുനില്‍ നരെയ്‌ന്റെയും നിതീഷ് റാണയുടെയും മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്.
ഗില്ലിനൊപ്പം നിതീഷ് റാണയാണ് കൊല്‍ക്കത്തയ്ക്കായി ഇത്തവണ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
7.2 ഓവറില്‍ മൂന്നിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയെ റാണ - നരെയ്ന്‍ സഖ്യമാണ് 194-ല്‍ എത്തിച്ചത്. നാലാം വിക്കറ്റില്‍ 115 റണ്‍സാണ് ഇരുവരും കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തത്.
53 പന്തുകള്‍ നേരിട്ട റാണ ഒരു സിക്‌സും 12 ഫോറുമടക്കം 81 റണ്‍സെടുത്തു. കൂട്ടത്തില്‍ ഏറ്റവും അപകടകാരി നരെയ്‌നായിരുന്നു. 32 പന്തുകളില്‍ നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം താരം 64 റണ്‍സെടുത്തു.
ഒമ്പത് പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 17 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ (9) നഷ്ടമായി. ആറാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13) പുറത്ത്. പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക്ക് വെറും മൂന്നു റണ്‍സുമായി മടങ്ങിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച റാണ - നരെയ്ന്‍ സഖ്യം ഡല്‍ഹി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.
അശ്വിനും സ്‌റ്റോയ്‌നിസും തുഷാറുമെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. ഡല്‍ഹിക്കായി റബാദയും നോര്‍ക്യയും സ്‌റ്റോയ്‌നിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം
Content Highlights: IPL 2020 Kolkata Knight Riders set to face Delhi Capitals