മുംബൈ ഇന്ത്യൻസ് ടീം | Photo: iplt20.com
അബുദാബി: ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന കിങ്സ് ഇലവന്‍ പഞ്ചാബിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ രണ്ടാം ജയമാണിത്.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമിട്ട ശേഷം പഞ്ചാബ് തകരുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പാഞ്ചാബിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 4.4 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
18 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുണ്‍ നായര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ പുറത്തായി. 19 പന്തില്‍ 17 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍, രാഹുല്‍ ചാഹറിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ഇതോടെ പഞ്ചാബ് തീര്‍ത്തും പ്രതിരോധത്തിലായി.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച നിക്കോളാസ് പുരനും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് സ്‌കോര്‍ 101 വരെ എത്തിച്ചു. പുരനെ പുറത്താക്കി ജെയിംസ് പാറ്റിന്‍സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 44 റണ്‍സെടുത്ത പുരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മാക്‌സ്‌വെല്‍ (11), ജെയിസ് നീഷാം (7), സര്‍ഫറാസ് ഖാന്‍ (7), രവി ബിഷ്‌ണോയ് (1), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പാറ്റിന്‍സനും രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 70 റണ്‍സെടുത്തു. മത്സരത്തില്‍ രണ്ടു റണ്‍സ് നേടിയതോടെ രോഹിത് ഐ.പി.എല്‍ കരിയറില്‍ 5000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഷമിയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ജെയിംസ് നീഷാമും ചേര്‍ന്നുള്ള ശ്രമത്തിലാണ് രോഹിത് പുറത്തായത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ ക്വിന്റണ്‍ ഡിക്കോക്കിനെ (0) ഷെല്‍ഡന്‍ കോട്രല്‍ പുറത്താക്കിയതോടെ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം.
സ്‌കോര്‍ 21-ല്‍ നില്‍ക്കെ സൂര്യകുമാര്‍ യാദവ് (10) റണ്ണൗട്ടായി. ഷമിയുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്.
പിന്നീട് ഇഷാന്‍ കിഷനൊപ്പം രോഹിത് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കഴിഞ്ഞ മത്സരത്തിലെ മികവ് പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന കിഷന്‍ 32 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് പുറത്തായത്. ഓരോ ഫോറും സിക്‌സും മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് തകര്‍ത്തടിച്ച കിറോണ്‍ പൊള്ളാര്‍ഡ് - ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈ സ്‌കോര്‍ 191-ല്‍ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും വെറും 25 പന്തില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന 5 ഓവറില്‍ മുംബൈ അടിച്ചുകൂട്ടിയത് 89 റണ്‍സാണ്. ഗൗതം എറിഞ്ഞ അവസാന ഓവറില്‍ മാത്രം 25 റണ്‍സ് പിറന്നു.
പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറുമടക്കം 47 റണ്‍സെടുത്തു. 11 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 30 റണ്‍സെടുത്തു.
നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Kings XI Punjab is all set to take on the defending champions Mumbai Indians