Photo:iplt20.com
ദുബായ്: ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
35 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികള്‍ സഹിതം 41 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.
അവസാന ഓവര്‍ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും ഇത്തവണ പക്ഷേ രാഹുല്‍ തെവാട്ടിയക്ക് റോയല്‍സിനെ വിജയത്തിലെത്താക്കാനായില്ല. 18 പന്തില്‍ നിന്ന് 14 റണ്‍സുമായി തെവാട്ടിയ പുറത്താകാതെ നിന്നു.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനായി ഓപ്പണര്‍മാരായ ബെന്‍ സ്റ്റോക്ക്‌സും ജോസ് ബട്ട്‌ലറും ചേര്‍ന്ന് 3 ഓവറില്‍ 37 റണ്‍സ് അടിച്ചുകൂട്ടി. ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫേറുമടക്കം 22 റണ്‍സെടുത്ത ബട്ട്‌ലറെ പുറത്താക്കി ആന്റിച്ച് നോര്‍ക്കിയയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നേര്‍ക്കിയയുടെ 155 കി.മീ വേഗത്തിലെത്തിയ പന്തിലാണ് ബട്ട്‌ലര്‍ പുറത്തായത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നാലു പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്ണുമായി മടങ്ങി.
തുടര്‍ന്ന് സ്റ്റോക്ക്‌സ് - സഞ്ജു സാംസണ്‍ കൂട്ടുകെട്ട് റോയല്‍സ് സ്‌കോര്‍ 86 വരെയെത്തിച്ചു. 11-ാം ഓവറില്‍ സ്റ്റോക്ക്‌സ് പുറത്തായ ശേഷം തൊട്ടടുത്ത ഓവറില്‍ സഞ്ജുവും മടങ്ങി. 18 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്‌സറുകളടക്കം 25 റണ്‍സെടുത്തു.
റോബിന്‍ ഉത്തപ്പ 27 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 32 റണ്‍സെടുത്തു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ക്കിയ, അരങ്ങേറ്റക്കാരന്‍ തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ച ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പിന്നാലെ ആദ്യ മത്സരം കളിക്കുന്ന അജിങ്ക്യ രഹാനെയേയും (2) മൂന്നാം ഓവറില്‍ ആര്‍ച്ചര്‍ പുറത്താക്കി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ധവാന്‍ - ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ലായത്. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 85 റണ്‍സാണ് ഡല്‍ഹി സ്‌കോറിലേക്ക് ചേര്‍ത്തത്. 33 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്ത ധവാനെ പുറത്താക്കി ശ്രേയസ് ഗോപാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ശ്രേയസ് അയ്യര്‍ 43 പന്തുകളില്‍ നിന്നും രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 53 റണ്‍സെടുത്ത് 16-ാം ഓവറില്‍ പുറത്തായി.
മാര്‍ക്കസ് സ്റ്റോയ്‌നിസ് (18), അലക്‌സ് കാരി (14), അക്ഷര്‍ പട്ടേല്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Delhi Capitals will take on Rajasthan Royals