Photo:iplt20.com
ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 47 പന്തുകള്‍ നേരിട്ട കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10.2 ഓവറില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിക്കോക്ക്, ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മുംബൈ ബൗളര്‍മാര്‍ക്കു മുന്നില്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഡല്‍ഹി തകരുകയായിരുന്നു.
18 പന്തുകള്‍ക്കുള്ളില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (10) എന്നിവരെ നഷ്ടമായ ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സ്‌കോര്‍ ഉയര്‍ത്താന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി.
29 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (2), ഷിംറോണ്‍ ഹെറ്റ്മയര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെല്ലാം പരാജയമായി. 19-ാം ഓവറിലാണ് ഡല്‍ഹി സ്‌കോര്‍ 100 കടക്കുന്നത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Delhi Capitals facing table toppers Mumbai Indians