Photo: iplt20.com
അബുദാബി: ഐ.പി.എല്ലില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് തുണച്ചതോടെ ബാംഗ്ലൂരും പ്ലേ ഓഫിലെത്തി
പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനം. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി മുംബൈയെ നേരിടും.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടക്കുകയായിരുന്നു.
നിര്‍ണായക മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും ഇന്നിങ്‌സുകളാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഓവറില്‍ പൃഥ്വി ഷായെ (9) നഷ്ടമായ ശേഷം ഒന്നിച്ച ഈ സഖ്യം രണ്ടാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
41 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ഫോറുകളടക്കം 54 റണ്‍സെടുത്ത് പുറത്തായി. 46 പന്തുകള്‍ നേരിട്ട രഹാനെ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 60 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. ഋഷഭ് പന്ത് (8), മാര്‍ക്കസ് സ്റ്റോയ്‌നിസ് (10) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തു.
അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട പടിക്കല്‍ അഞ്ചു ഫോറുകളടക്കം 50 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ (12) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് - വിരാട് കോലി സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത കോലിയെ പുറത്താക്കി ആര്‍. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്നവരില്‍ ഡിവില്ലിയേഴ്‌സിനൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ബാംഗ്ലൂര്‍ 152-ല്‍ ഒതുങ്ങുകയായിരുന്നു. 21 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്തു. അവസാന ഓവറിലാണ് ഡിവില്ലിയേഴ്‌സ് പുറത്തായത്.
ക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉദാന (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഡല്‍ഹിക്കായി ആന്‍ റിച്ച് നോര്‍ക്യ മൂന്നു വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ രണ്ടു വിക്കറ്റെടുത്തു.
Content Highlights: IPL 2020 Delhi Capitals and Royal Challengers Bangalore locking horns for playoff spot