Photo: iplt20.com
ദുബായ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴു റണ്‍സ് തോല്‍വി.
ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
രവീന്ദ്ര ജഡേജയും എം.എസ് ധോനിയും പൊരുതി നോക്കിയെങ്കിലും സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറില്‍ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. ധോനിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജഡേജ പുറത്തായത്.
36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം ഏഴു റണ്‍സ് അകലെയായി. സാം കറന്‍ അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഷെയ്ന്‍ വാട്ട്‌സണെ (1) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. പിന്നാലെ ആദ്യ മത്സരത്തിലെ താരം അമ്പാട്ടി റായുഡു എട്ടു റണ്‍സുമായി മടങ്ങി. 22 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി (22) കൂടി പുറത്തായതോടെ ചെന്നൈ കടുത്ത പ്രതിരോധത്തിലായി. പിന്നാലെ മൂന്നു റണ്‍സുമായി കേദാര്‍ ജാദവും മടങ്ങി. തുടര്‍ന്നായിരുന്നു ധോനി - ജഡേജ കൂട്ടുകെട്ട്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിരുന്നു.
യുവതാരങ്ങളായ പ്രിയം ഗാര്‍ഗ് - അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.
22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗ് 26 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. താരത്തിന്റെ ആദ്യ ഐ.പി.എല്‍ അര്‍ധ സെഞ്ചുറിയാണിത്. 24 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. രണ്ടു തവണയാണ് മത്സരത്തില്‍ ചെന്നൈ ഫീല്‍ഡര്‍മാര്‍ അഭിഷേകിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി ദീപക് ചാഹര്‍ ഹൈദരാബാദിനെ ഞെട്ടിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകവെ എട്ടാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂര്‍ പാണ്ഡെയെ മടക്കി. 21 പന്തില്‍ അഞ്ചു ഫോറുകള്‍ സഹിതം 29 റണ്‍സെടുത്താണ് പാണ്ഡെ മടങ്ങിയത്.
പതിഞ്ഞ താളത്തില്‍ മുന്നേറിയ വാര്‍ണര്‍ ഫാഫ് ഡുപ്ലെസിയുടെ മികച്ച ബൗണ്ടറി ലൈന്‍ ക്യാച്ചില്‍ പുറത്താകുകയായിരുന്നു. 29 പന്തില്‍ നിന്ന് വെറും മൂന്നു ബൗണ്ടറികളോടെ 28 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ മടങ്ങിയത്.
തൊട്ടടുത്ത പന്തില്‍ പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് കെയ്ന്‍ വില്യംസണ്‍ റണ്ണൗട്ടായതോടെ ഹൈദരാബാദ് പ്രതിസന്ധിയിലായി. 13 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു വില്യംസന്റെ സമ്പാദ്യം. തുടര്‍ന്നായിരുന്നു പ്രിയം ഗാര്‍ഗ് - അഭിഷേക് ശര്‍മ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടുനയിച്ചത്.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Chennai Super Kings look to turn things around against Sunrisers Hyderabad