Photo:iplt20.com
ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 37 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.
ബൗളര്‍മാരുടെ മികവിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ബാംഗ്ലൂരിനായി മോറിസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്‌നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു.
40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
നേരത്തെ പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസി (8), ഷെയ്ന്‍ വാട്ട്‌സണ്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.
പിന്നീട് ക്രീസില്‍ ഒന്നിച്ച അമ്പാട്ടി റായുഡുവും ജഗദീശനും മൂന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. 28 പന്തില്‍ നാലു ഫോറുകളടക്കം 33 റണ്‍സെടുത്ത ജഗദീശനെ റണ്ണൗട്ടാക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ധോനിയെ ചാഹല്‍ മടക്കി.
സാം കറന്‍ (0), ഡ്വെയ്ന്‍ ബ്രാവോ (7), രവീന്ദ്ര ജഡേജ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വിയുടെ ആക്കം കൂടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു.
മികച്ച ഫോമില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിനെ 169 റണ്‍സിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ കോലി 52 പന്തുകള്‍ നേരിട്ട് നാലു വീതം സിക്‌സും ഫോറുമടക്കം 90 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (2) നഷ്ടമായ ബാംഗ്ലൂരിനായി രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കല്‍ - വിരാട് കോലി സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രദ്ധയോടെയാണ് ഇരുവരും ചെന്നൈ ബൗളര്‍മാരെ നേരിട്ടത്.
34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ എ ബി ഡിവില്ലിയേഴ്‌സിനെയും (0) താക്കൂര്‍ മടക്കി. വാഷിങ്ടണ്‍ സുന്ദര്‍ 10 റണ്‍സെടുത്ത് പുറത്തായി.
ഇതിനു പിന്നാലെ അഞ്ചാം വിക്കറ്റില്‍ ശിവം ദുബെയുമൊത്തും കോലി അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 76 റണ്‍സാണ് ഇരുവരും ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ദുബെ പുറത്താകാതെ നിന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Chennai Super Kings facing Royal Challengers Bangalore in Dubai