Photo: iplt20.com
ദുബായ്: ഫാഫ് ഡുപ്ലെസിയും ഷെയ്ന്‍ വാട്ട്‌സണും വിശ്വരൂപം പുറത്തെടുത്ത മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം വെറും 17.4 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു.
ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ന്‍ വാട്ട്‌സണുമാണ് ചെന്നൈയെ അനായാസമായി വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ചെന്നൈക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബിന് സാധിച്ചില്ല.
ഐ.പി.എല്‍ 13-ാം സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ വാട്ട്‌സണ്‍ 53 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും 11 ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു.
53 പന്തുകള്‍ തന്നെ നേരിട്ട ഡുപ്ലെസ ഒരു സിക്‌സും 11 ഫോറുമടക്കം 87 റണ്‍സെടുത്തു.
ഇരുവരും തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ചതോടെ ആദ്യ ആറ് ഓവറില്‍ തന്നെ ചെന്നൈ 60 റണ്‍സ് കടന്നിരുന്നു. അവസാനം വരെ ഓവറില്‍ 10 റണ്‍സിന് മുകളില്‍ റണ്‍റേറ്റ് നിലനിര്‍ത്തിയാണ് ഇരുവരും സൂപ്പര്‍ കിങ്‌സിനെ സൂപ്പര്‍ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ തന്നെയാണ് ഇത്തവണയും പഞ്ചാബിനായി തിളങ്ങിയത്. 52 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം രാഹുല്‍ 63 റണ്‍സെടുത്തു. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ രാഹുലിനെ ധോനി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഐ.പി.എല്ലില്‍ ചെന്നൈക്കായി ധോനിയുടെ 100-ാം ക്യാച്ചായിരുന്നു ഇത്.
പതിവുപോലെ മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 8.1 ഓവറില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ തന്റെ ആദ്യ പന്തില്‍ തന്നെ പുറത്താക്കിയ പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ഈ സീസണില്‍ ആദ്യ അവസരം ലഭിച്ച മന്‍ദീപ് സിങ് തകര്‍ത്തടിച്ച് തന്നെ തുടങ്ങി. 16 പന്തില്‍ രണ്ടു സിക്‌സ് സഹിതം 27 റണ്‍സെടുത്ത താരത്തെ 12-ാം ഓവറില്‍ ജഡേജ പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് രാഹുലിനൊപ്പം ചേര്‍ന്ന നിക്കോളാസ് പുരനും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 17 പന്തുകള്‍ നേരിട്ട പുരന്‍ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുരന്‍ മടങ്ങിയത്. പുരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ ഷാര്‍ദുല്‍ താക്കൂര്‍ മടക്കുകയായിരുന്നു.
ഗ്ലെന്‍ മാക്‌സ്‌വെല്‍ (11), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Chennai Super Kings faces Kings XI Punjab