Photo:iplt20.com
ഷാര്‍ജ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു.
സെഞ്ചുറിയുമായി തിളങ്ങിയ ശിഖര്‍ ധവാനാണ് ഡല്‍ഹി വിജയത്തിന്റെ നെടുംതൂണ്‍. ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാന്‍ 58 പന്തില്‍ നിന്ന് 1 സിക്‌സും 14 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ (0) നഷ്ടമായി. ദീപക് ചാഹറാണ് ഷായെ പുറത്താക്കിയത്. സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ എട്ടു റണ്‍സുമായി രഹാനെയും മടങ്ങി.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍ - ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
23 പന്തില്‍ 23 റണ്‍സെടുത്ത ശ്രേയസിനെ ബ്രാവോയാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സെടുത്ത് ധവാന് ഉറച്ച പിന്തുണ നല്‍കി.
ചെന്നൈക്കായി നാല് ഓവര്‍ എറിഞ്ഞ ദീപക് ചാഹര്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിരുന്നു. മത്സരത്തിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ (0) നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലെസി - ഷെയ്ന്‍ വാട്ട്‌സണ്‍ സഖ്യവും ഇന്നിങ്‌സിന്റെ അവസാനം തകര്‍ത്തടിച്ച അമ്പാട്ടി റായുഡു - രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.
രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഡുപ്ലെസി - വാട്ട്‌സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്‌സണെ പുറത്താക്കി നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി 47 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ നേട്ടം.
ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു.
ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളടക്കം 33 റണ്‍സെടുത്തു. ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായുഡു - ജഡേജ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഡല്‍ഹിക്കായി നോര്‍ക്യ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: IPL 2020 Chennai Super Kings against Delhi Capitals