കംപ്ലീറ്റ് ഫെര്‍ഗൂസന്‍ ഷോ, സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സിനെ കീഴ്‌പ്പെടുത്തി കൊല്‍ക്കത്ത


3 min read
Read later
Print
Share

നേരത്തെ മൂന്നുവിക്കറ്റെടുത്ത ഫെര്‍ഗൂസന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ സണ്‍റൈസേഴ്‌സിന് പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ ക്ലീന്‍ ബൗള്‍ഡ് ആക്കിയ ഫെര്‍ഗൂസന്‍ മൂന്നാം പന്തില്‍ സമദിനെ പുറത്താക്കി മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കി.

ഫെർ​ഗൂസൻ | Photo: twitter.com|IPL

അബുദാബി:സൂപ്പര്‍ ഓവര്‍ വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. തീതുപ്പുന്ന പന്തുകളുമായി കളം നിറഞ്ഞ ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വെറും രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ഇത് അനായാസം കൊല്‍ക്കത്ത മറികടന്നു.

നേരത്തെ മൂന്നുവിക്കറ്റെടുത്ത ഫെര്‍ഗൂസന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ സണ്‍റൈസേഴ്‌സിന് പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ ക്ലീന്‍ ബൗള്‍ഡ് ആക്കിയ ഫെര്‍ഗൂസന്‍ മൂന്നാം പന്തില്‍ സമദിനെ പുറത്താക്കി മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കി. മൂന്നുറണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അനായാസം സ്‌കോര്‍ കണ്ടെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സും നിശ്ചിത ഓവറില്‍ ഇതേ സ്‌കോര്‍ എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് കണ്ടെത്തി ക്യാപ്റ്റന്‍ വാര്‍ണറാണ് മത്സരം സമനിലയിലാക്കിയത്. ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ടീമിനെ ഒറ്റയ്ക്ക് സമനിലയിലേക്ക് നയിച്ചത് വാര്‍ണറാണ്. അദ്ദേഹം 33 പന്തുകളില്‍ നിന്നും പുറത്താവാതെ 47 റണ്‍സെടുത്തു.

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.

ഇന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം വില്യംസണാണ് ഓപ്പണറായി ഇറങ്ങിയത്. കിട്ടിയ അവസരം വില്യംസണ്‍ നന്നായി ഉപയോഗിച്ചു. ഇരുവരും ചേര്‍ന്ന് 5.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി.

എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ വില്യംസണെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഫെര്‍ഗൂസന്‍ ആദ്യ പന്തില്‍ തന്നെ 29 റണ്‍സെടുത്ത വില്യംസണെ പുറത്താക്കി. പിന്നാലെയെത്തിയത് യുവതാരം പ്രിയം ഗാര്‍ഗാണ്. ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്‌സ് ഇന്നിറങ്ങിയത്.

പ്രിയം ഗാര്‍ഗിനെ മടക്കി ഫെര്‍ഗൂസന്‍ വീണ്ടും സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. ഇത്തവണ നാലാമനായാണ് ക്യാപ്റ്റന്‍ വാര്‍ണര്‍ ക്രീസിലെത്തിയത്.. തൊട്ടടുത്ത ഓവറില്‍ 36 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയും മടങ്ങി. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയെ ക്ലീന്‍ ബൗള്‍ഡാക്കി ഫെര്‍ഗൂസന്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ഈ മത്സരത്തിലൂടെ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്ലില്‍ 5000 റണ്‍സ് നേടി റെക്കോഡിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ താരമാണ് വാര്‍ണര്‍.

മനീഷ് പാണ്ഡെയ്ക്ക് പകരമെത്തിയത് വിജയ് ശങ്കറാണ്. ബൗളിങ്ങില്‍ പുലര്‍ത്തിയ മികവ് ബാറ്റിങ്ങില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ശങ്കര്‍ പുറത്തായി. പക്ഷേ ഒരറ്റത്ത് ക്യാപ്റ്റന്‍ വാര്‍ണര്‍ പതറാതെ പിടിച്ചുനിന്നു. പിന്നാലെയെത്തിയ സമദുമായി ചേര്‍ന്ന് വാര്‍ണര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത വാര്‍ണര്‍ സമനിലയും നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്‌കോര്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 48 റണ്‍സ് നേടി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് നടരാജന്‍ സണ്‍റൈസേഴ്‌സിന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ നടരാജന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ത്രിപാഠിയ്ക്ക് ശേഷം നിതീഷ് റാണ ക്രീസിലെത്തി.

റാണയും ഗില്ലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൊല്‍ക്കത്ത ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 87-ല്‍ നില്‍ക്കെ റാഷിദ്ഖാന്‍ ഗില്ലിന്റെ വിക്കറ്റെടുത്ത് കളി വീണ്ടും സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 36 റണ്‍സെടുത്ത ഗില്ലിനെ മനോഹരമായ ഒരു ക്യാച്ചിലൂടെ പ്രിയം ഗാര്‍ഗ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 29 റണ്‍സെടുത്ത റാണയെ പുറത്താക്കി വിജയ് ശങ്കര്‍ കൊല്‍ക്കത്തയ്ക്ക് ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.

പിന്നാലെയെത്തിയ റസ്സലിന് ഈ കളിയിലും തിളങ്ങാനായില്ല. വെറും 9 റണ്‍സെടുത്ത റസ്സലിനെ നടരാജന്‍ മടക്കി. മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്‌കോറിലേക്കെത്തിക്കാന്‍ കൊല്‍ക്കത്തയുടെ മധ്യനിരയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലുള്ള പോലെ ഈ കളിയിലും അത് പ്രകടമായിരുന്നു.

റസ്സലിനുശേഷം ക്രീസിലെത്തിയത് ദിനേഷ് കാര്‍ത്തിക്കാണ്. കാര്‍ത്തിക്കും മോര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി. കാര്‍ത്തിക്കാണ് കളം നിറഞ്ഞുകളിച്ചത്. അദ്ദേഹം 14 പന്തുകളില്‍ നിന്നും 29 റണ്‍സും മോര്‍ഗന്‍ 23 പന്തുകളില്‍ നിന്നും 34 റണ്‍സും നേടി ഇരുവരും അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സണ്‍റൈസേഴ്‌സിന് വേണ്ടി നടരാജന്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Eoin Morgan aims for first win as KKR captain against SRH

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram