ഓ...മുംബൈ, ഡല്‍ഹിയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് അഞ്ചാം ഐ.പി.എല്‍ കിരീടം നേടി മുംബൈ ഇന്ത്യന്‍സ്


4 min read
Read later
Print
Share

13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു

രോഹിത് ശർമ | Photo: twitter.com|IPL

ദുബായ്: അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. 13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത്ത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈ ഡല്‍ഹിയ്‌ക്കെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍. ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് മുംബൈ.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

ആദ്യമായി ഫൈനലിലെത്തിയ ഡല്‍ഹിയ്ക്ക് കിരീടം നേടാനായില്ല. കഴിഞ്ഞ 13 സീസണുകളിലായി ഡല്‍ഹിയ്ക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

157 റണ്‍സ് തേടിയിറങ്ങിയ മുംബൈയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും രോഹിത്ത് ശര്‍മയും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത്. ഡികോക്കായിരുന്നു കൂടുതല്‍ അപകടകാരി. പിന്നാലെ രോഹിത്തും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ വിയര്‍ത്തു. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 45 റണ്‍സ് നേടി എന്നാല്‍ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ 12 പന്തുകളില്‍ നിന്നും 20 റണ്‍സെടുത്ത ഡികോക്കിനെ മടക്കി സ്‌റ്റോയിനിസ് ഡല്‍ഹിക്ക് പ്രതീക്ഷ പകര്‍ന്നു.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ 4.3 ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. പിന്നാലെ രോഹിത് ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടി 4000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡ് സ്വന്തമാക്കി.

സ്‌കോര്‍ 90-ല്‍ നില്‍ക്കെ അനാവശ്യ റണ്ണിന് ഓടിയ രോഹിത് ശര്‍മയുടെ പിഴവിന്റെ ഫലമായി 19 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് റണ്‍ ഔട്ടായി. പിന്നാലെ രോഹിത് അര്‍ധസെഞ്ചുറി നേടി. ഐ.പി.എല്ലിലെ 39-ാം അര്‍ധശതകമാണ് താരം ഇന്ന് നേടിയത്.

സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ അനായാസേന ബാറ്റേന്തിയതോടെ ഡല്‍ഹിയുടെ വിജയപ്രതീക്ഷ അവസാനിച്ചു.

എന്നാല്‍ 51 പന്തുകളില്‍ നിന്നും 68 റണ്‍സെടുത്ത രോഹിത് ശര്‍മയെ പുറത്താക്കി നോര്‍ക്വെ ഡല്‍ഹിയ്ക്ക് ആശ്വാസം പകര്‍ന്നു.

രോഹിത്തിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡ് തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും എട്ടുറണ്‍സെടുത്ത താരത്തെ റബാഡ പുറത്താക്കി. റബാഡയുടെ ഈ സീസണിലെ 30-ാം വിക്കറ്റായിരുന്നു അത്.

പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും കിഷനും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു. കിഷന്‍ 19 പന്തുകളില്‍ നിന്നും 33 റണ്‍സ് നേടി പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി നോര്‍ക്വെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്റ്റോയിനിസ്, റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നായകന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളര്‍മാരാണ് ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയത്.50 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത ശ്രേയസ് പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ കളിയിലും ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഒരു ഐ.പി.എല്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്.

സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ധവാന്‍ ഒരു വശത്ത് നന്നായി ബാറ്റ് ചെയ്‌തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു.

നാലാം ഓവറില്‍ ഫോമിലുള്ള ധവാന്‍ പുറത്തായതോടെ ഡല്‍ഹി അപകടം മണത്തു. 14 റണ്‍സെടുത്ത ധവാനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. ശ്രേയസ് അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ എട്ടാം ഓവറില്‍ സ്‌കോര്‍ 50 കടന്നു.

പിന്നാലെ പന്തും ഫോമിലേക്ക് ഉയര്‍ന്നതോടെ സ്‌കോറിങ്ങിന് വേഗം കൂടി.ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പന്തിന്റെയും ശ്രേയസ്സിന്റെയും കരുത്തില്‍ ഡല്‍ഹി തകര്‍ച്ചയില്‍ നിന്നും വര്‍ധിത വീര്യത്തോടെ തലപൊക്കി.

13 ഓവറില്‍ ടീം 100 കടക്കുകയും ചെയ്തു. പിന്നാലെ ഋഷഭ് പന്ത് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അദ്ദേഹം ഈ സീസണില്‍ നേടുന്ന ആദ്യ അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ 38 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത പന്തിനെ മടക്കി നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ഡല്‍ഹിയ്ക്ക് തിരിച്ചടി നല്‍കി. ശ്രേയസ്സിനൊപ്പം 96 റണ്‍സിന്റെ വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പന്ത് മടങ്ങിയത്.

പന്തിനുപിന്നാലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ക്രീസിലെത്തി. വൈകാതെ ശ്രേയസ്സ് അയ്യരും അര്‍ധശതകം സ്വന്തമാക്കി. എന്നാല്‍ അഞ്ചുറണ്‍സെടുത്ത ഹെറ്റ്‌മെയറിനെ പുറത്താക്കി ബോള്‍ട്ട് വീണ്ടും ഡല്‍ഹിയുടെ വില്ലനായി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തതോടെ ഡല്‍ഹിയ്ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.

മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ഫൈനല്‍ അവസാനിച്ചതോടെ ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍ സ്വന്തമാക്കി. 14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സാണ് താരം നേടിയത്. കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഡല്‍ഹിയുടെ കഗിസോ റബാഡ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Delhi Capitals seek to stop four time champions Mumbai Indians in IPL Final 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram