ഇഷാൻ കിഷനും ക്വിന്റൺ ഡികോക്കും | Photo: https:||twitter.com|IPL
ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പത്തുവിക്കറ്റ് വിജയം സ്വന്തമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 115 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം താണ്ടി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. ചെന്നൈ ആദ്യമായാണ് ഐ.പി.എല്ലിൽ പത്തുവിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുന്നത്.
ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് അനായാസ വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്. ഇഷാന്‍ 37 പന്തുകളില്‍ നിന്നും 68 ഉം ഡികോക്ക് 37 പന്തുകളില്‍ നിന്നും 46 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇരുവരും ആദ്യ വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി
സ്വപ്നതുല്യമായ പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളര്‍മാരാണ് ചെന്നൈയെ ഇത്രയും ചെറിയ സ്‌കോറിന് ഒതുക്കിയത്. ചെന്നൈ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നിലം തൊടാനനുവദിക്കാതെ മുംബൈ ബൗളര്‍മാര്‍ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടി. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ എടുത്തപ്പോള്‍ ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അര്‍ധസെഞ്ചുറി നേടിയ സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈ സ്‌കോര്‍ 100 കടത്തിയത്. 47 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത കറന്‍ അവസാന ബോളില്‍ പുറത്തായി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 50 പോലും കടക്കില്ല എന്ന നിലയില്‍ നിന്നാണ് കറന്‍ ടീമിനെ തോളിലേറ്റി ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍കിങ്‌സിന് വന്‍ ബാറ്റിങ് തകര്‍ച്ച. എഴോവറാകുമ്പോഴേക്കും ആറ് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ബൗളര്‍മാര്‍ ചെന്നൈ ബാറ്റിങ് നിരയെ തകര്‍ത്തു. ഒരു ബാറ്റ്‌സ്മാന് പോലും തിളങ്ങാനായില്ല.
അക്കൗണ്ട് തുറക്കുംമുന്‍പ് ആദ്യ ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച പന്തിലൂടെ ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ പൂജ്യനായി മടക്കി. ആ ഓവര്‍ മെയ്ഡനാക്കി കളിയുടെ തുടക്കത്തില്‍ തന്നെ ബോള്‍ട്ട് ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കി.
തൊട്ടടുത്ത ഓവറില്‍ റായുഡുവിനെ പുറത്താക്കി ബുംറ വീണ്ടും മുംബൈയ്ക്ക് ആധിപത്യം നല്‍കി. റായുഡു വെറും രണ്ട് റണ്‍സെടുത്ത് മടങ്ങുമ്പോള്‍ സ്‌കോര്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. തൊട്ടടുത്ത പന്തില്‍ ജഗദീശനെയും മടക്കി ബുംറ കൊടുങ്കാറ്റായി. ചെന്നൈ വലിയ തകര്‍ച്ചയിലേക്ക് വീണു. മൂന്നുറണ്‍സിന് മൂന്നുവിക്കറ്റ് എന്ന നിലയിലായി ധോനിയും സംഘവും. തൊട്ടടുത്ത ഓവറില്‍ ഡുപ്ലെസിയെ മടക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഡുപ്ലെസി മടങ്ങുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ മൂന്നു റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായി.
പിന്നീട് ഒത്തുചേര്‍ന്ന ധോനിയും ജഡേജയും ചേര്‍ന്ന് സ്‌കോര്‍ പതിയെ ചലിപ്പിച്ചു. എന്നാല്‍ ആറാം ഓവറില്‍ വീണ്ടും ബോള്‍ട്ട് ചെന്നൈ ബാറ്റിങ് നിരയെ ഛിന്നഭിന്നമാക്കി. പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയായിരുന്ന ജഡേജയെ മടക്കി ബോള്‍ട്ട് മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പവര്‍പ്ലേയില്‍ ചെന്നൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വെറും 24 റണ്‍സാണ് നേടിയത്.
രാഹുല്‍ ചാഹര്‍ എറിഞ്ഞ എഴാം ഓവറില്‍ പടുകൂറ്റന്‍ സിക്‌സ് നേടി ധോനി സ്‌കോര്‍ ചലിപ്പിക്കുമെന്ന് തോന്നിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റനെ മടക്കി ചാഹര്‍ ചെന്നൈയുടെ ആറാം വിക്കറ്റ് സ്വന്തമാക്കി. 16 റണ്‍സാണ് ധോനി നേടിയത്. പിന്നാലെ ദീപക് ചാഹറിനെ രാഹുല്‍ ചാഹര്‍ പുറത്താക്കിയതോടെ ചെന്നൈയുടെ ഏഴ് വിക്കറ്റുകള്‍ നിലംപൊത്തി.
പിന്നീട് ഒത്തുചേര്‍ന്ന ശാര്‍ദുല്‍ ഠാക്കൂറും സാം കറനും ചേര്‍ന്നാണ് ചെന്നൈ ഇന്നിങ്‌സിന് അല്‍പമെങ്കിലും ജീവന്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 28 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഇത് പൊളിച്ച് കോള്‍ട്ടര്‍ നൈല്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ വിക്കറ്റ് സ്വന്തമാക്കി.
ഠാക്കൂറിന് പിന്നാലെ ക്രീസിലെത്തിയ ഇമ്രാന്‍ താഹിറിനെ കൂട്ടുപിടിച്ച് സാം കറന്‍ സ്‌കോര്‍ 100 കടത്തി. താഹിര്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഡി കോക്കിന് കൂട്ടായെത്തിയത്. ഇരുവരും ആക്രമിച്ച് കളിച്ച് ചെന്നൈ ബൗളര്‍മാരെ തളര്‍ത്തി. ഇഷാനും ഡി കോക്കും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
സ്‌കോര്‍ 81-ല്‍ നില്‍ക്കെ ഇഷാന്‍ 29 ബോളില്‍ നിന്നും അര്‍ധസെഞ്ചുറി നേടി. പിന്നാലെ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. കിഷന്‍ 5 സിക്‌സറുകള്‍ പറത്തിയപ്പോള്‍ ഡികോക്ക് രണ്ട് സിക്സുകൾ നേടി.
ഈ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.
പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം പൊള്ളാര്‍ഡാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. രോഹിതിന് പകരം സൗരഭ് തിവാരി ടീമിലെത്തി.
ചെന്നൈയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വാട്‌സണ്‍, കേദാര്‍ ജാദവ്, പീയുഷ് ചൗള എന്നിവര്‍ക്ക് പകരം ഇമ്രാന്‍ താഹിര്‍, ഋതുരാജ് ഗെയ്ക്വാദ്, നാരായണ്‍ ജഗദീശന്‍ എന്നിവര്‍ ടീമിലിടം നേടി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Chennai Super Kings vs Mumbai Indians IPL 2020