തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്ജുവും, പഞ്ചാബിനെ എഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍


3 min read
Read later
Print
Share

186 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി

സ്റ്റോക്സും സഞ്ജുവും | Photo: https:||twitter.com|IPL

അബുദാബി: തകര്‍ത്തടിച്ച് ബെന്‍ സ്റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് കരുത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പഞ്ചാബ് ഉയര്‍ത്തിയ 186 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

50 റണ്‍സെടുത്ത സ്‌റ്റോക്‌സിന്റെയും 48 റണ്‍സെടുത്ത സഞ്ജുവിന്റെയും കരുത്തില്‍ അനായാസം രാജസ്ഥാന്‍ വിജയത്തിലെത്തി. ഈ തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.

ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തിലാണ് പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തത്. ഗെയ്ല്‍ 63 പന്തുകളില്‍ നിന്നും 99 റണ്‍സെടുത്തു. ഗെയ്‌ലിന്റെയും ക്യാപ്റ്റന്‍ രാഹുലിന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബൗളിങ് തെരെഞ്ഞെടുത്ത പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിങ്ങിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ പഞ്ചാബിന് തകര്‍ച്ച സമ്മാനിച്ചു. പൂജ്യനായാണ് മന്‍ദീപ് മടങ്ങിയത്.

മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. മറ്റൊരു ഓപ്പണറായ രാഹുലും ഗെയ്‌ലും ചേര്‍ന്ന് സ്‌കോര്‍ പതിയെ ഉയര്‍ത്തി. ഗെയ്‌ലിനെ പുറത്താക്കാനുള്ള മികച്ച അവസരം റിയാന്‍ പരാഗ് നഷ്ടപ്പെടുത്തി.

പിന്നാലെ കത്തിക്കയറിയ ഗെയ്ല്‍ കാര്‍ത്തിക്ക് ത്യാഗിയെറിഞ്ഞ ഓവറില്‍ തുടര്‍ച്ചായി മൂന്നു ബൗണ്ടറികള്‍ നേടി ഫോമിലേക്ക് കയറി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് നേടി. ഗെയ്‌ലിന് പിന്നാലെ രാഹുലും തകര്‍ത്ത് കളിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ തളര്‍ന്നു. പിന്നാലെ ഗെയ്ല്‍ അര്‍ധസെഞ്ചുറിയും നേടി. താരത്തിന്റെ 31-ാം ‌ഐ.പി.എല്‍ അര്‍ധശതകമാണ് ഇന്ന് പിറന്നത്.

പിന്നാലെ ഗെയ്‌ലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഇരുവരും 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാല്‍ സ്റ്റോക്‌സ് ഇത് പൊളിച്ചു. 46 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി സ്റ്റോക്‌സ് രാജസ്ഥാന് ആശ്വാസം പകര്‍ന്നു.

പിന്നാലെ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. പൂരനും ആക്രമിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്റെ നില വീണ്ടും പരുങ്ങലിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150 കടത്തി. എന്നാല്‍ 10 പന്തുകളില്‍ നിന്നും 22 റണ്‍സെടുത്ത പൂരനെ പുറത്താക്കി സ്‌റ്റോക്‌സ് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച ഗെയ്‌ലിനെ 99-ല്‍ പുറത്താക്കി ആര്‍ച്ചര്‍ രാജസ്ഥാന് നാലാം വിക്കറ്റ് സമ്മാനിച്ചു.

ഇന്നത്തെ മത്സരത്തിലൂടെ ഗെയ്ല്‍ ആകെ ട്വന്റി 20 മത്സരങ്ങളില്‍ നിന്നുമായി 1000 സിക്‌സുകള്‍ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍.

രാജസ്ഥാന് വേണ്ടി ആര്‍ച്ചറും സ്റ്റോക്‌സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്റ്റോക്‌സും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് നല്‍കിയത്. സ്റ്റോക്‌സ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. വലിയ വിജയം നേടിയാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ സാധ്യതയുള്ളൂ എന്നതിനാല്‍ ആക്രമിച്ചുകളിക്കുകയായിരുന്നു സ്‌റ്റോക്‌സ്. ഉത്തപ്പ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

പിന്നാലെ 25 പന്തുകളില്‍ നിന്നും സ്‌റ്റോക്‌സ് അര്‍ധസെഞ്ചുറി കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സ്റ്റോക്‌സിനെ മടക്കി ക്രിസ് ജോര്‍ദന്‍ കളി പഞ്ചാബിന് അനുകൂലമാക്കി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തതോടെ സ്‌കോര്‍ 100 കടന്നു. 9.3 ബോളിലാണ് രാജസ്ഥാന്‍ 100 കടന്നത്. എന്നാല്‍ സ്‌കോര്‍ 111 ലെത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഉത്തപ്പയെ പുറത്താക്കി അശ്വിന്‍ വീണ്ടും കളി പഞ്ചാബിന് അനുകൂലമാക്കി.

പിന്നീട് ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ്. ഉത്തപ്പ മടങ്ങിയപ്പോള്‍ ആക്രമണച്ചുമതല സഞ്ജു ഏറ്റെടുത്തു.

എന്നാല്‍ സ്‌കോര്‍ 145-ല്‍ നില്‍ക്കെ സഞ്ജുവിനെ റണ്‍ ഔട്ടാക്കി പഞ്ചാബ് കളിയില്‍ ആധിപത്യം സ്ഥാപിച്ചു. അനാവശ്യ റണ്ണിന് ശ്രമിച്ച സഞ്ജു 25 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്താണ് പുറത്തായത്.

പിന്നീട് ഒത്തുചേര്‍ന്ന സ്മിത്തും ബട്‌ലറും ചേര്‍ന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. സ്മിത്ത് 31 റണ്‍സും ബട്‌ലര്‍ 22 റണ്‍സും നേടി പുറത്താവാതെ നിന്നു

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Both Kings XI Punjab and Rajasthan Royals look to add two more points to their names.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram