ജോണ്ടി റോഡ്‌സ് ഫീൽഡിങ്ങ് പരിശീലനത്തിനിടെ
ദുബായ്: ക്രിക്കറ്റിൽ മികച്ച ഫീൽഡർ ആരാണെന്ന് ചോദിച്ചാൽ ഉത്തരം ജോണ്ടി റോഡ്സ് എന്നാകും. ഫീൽഡിങ്ങിൽ എപ്പോഴും പറന്നു ക്യാച്ചെടുക്കുന്ന ദക്ഷിണാഫ്രിക്കൻ താരം അറിയപ്പെട്ടിരുന്നത് പറക്കും റോഡ്സ് എന്ന പേരിലായിരുന്നു. 1992-ലെ ഏകദിന ലോകകപ്പിൽ റോഡ്സ് എടുത്ത പറക്കും ക്യാച്ചും ഇൻസമാമുൽ ഹഖിനെ റണ്ണൗട്ടാക്കിയ ഡൈവിങ്ങുമൊന്നും ആരാധകർ മറന്നിട്ടുണ്ടാകില്ല.
2003-ലെ ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റോഡ്സ് പിന്നീട് ദക്ഷിണാഫ്രിക്ക, കെനിയ ടീമുകളുടെ ഫീൽഡിങ് പരിശീലകനായി പ്രവർത്തിച്ചു. ഇപ്പോൾ സ്വീഡൻ ദേശീയ ടീമിന്റെ പരിശീലകനാണ് ജോണ്ടി റോഡ്സ്.
ഐ.പി.എൽ ടീം കിങ്സ് ഇലവൻ പഞ്ചാബ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം. 51-കാരനായ റോഡ്സ് പന്ത് പറന്നുപിടിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. പഞ്ചാബിന്റെ ക്യാച്ചിങ് പരിശീലന സെഷനിലാണ് റോഡ്സ് താരങ്ങൾക്ക് മുന്നിൽ പന്ത് പറന്നുപിടിച്ച് എല്ലാവരേയും ഞെട്ടിച്ചത്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകനാണ് റോഡ്സ്.
ദക്ഷിണാഫ്രിക്കയ്ക്കായി 52 ടെസ്റ്റിലും 245 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള റോഡ്സ് ടൈസ്റ്റിൽ 2532 റൺസും ഏകദിനത്തിൽ 5935 റൺസും നേടിയിട്ടുണ്ട്.