വിക്കറ്റ് ആഘോഷിക്കുന്ന രാജസ്ഥാൻ താരങ്ങൾ Photo| https:||twitter.com|IPL
ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന ഐ.പി.എല്‍ 2020 -ലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം.
ഐ.പി.എല്‍ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ 16 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനവും രാജസ്ഥാന്‍ സ്‌കോറിന് കുതിപ്പേകി.
ഓപ്പണറായി അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ആറുറണ്‍സെടുത്ത് മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി. പിന്നീട് ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ അനായാസേന പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് കുതിക്കാന്‍ തുടങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ച സഞ്ജു 19 ബോളുകളില്‍ നിന്നും അര്‍ധസെഞ്ചുറി കണ്ടെത്തി.
പീയുഷ് ചൗളയുടെ ആദ്യ ഓവറില്‍ 3 സിക്‌സറുകളടക്കം ആകെ 9 സിക്‌സറുകളാണ് സഞ്ജു കളിയില്‍ നിന്നും കണ്ടെത്തിയത്. ഒടുവില്‍ 32 പന്തില്‍ നിന്നും 74 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് 11 -ല്‍ നിന്നും 132-ല്‍ എത്തി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. കളിയിലെ താരവും സഞ്ജു തന്നെ. സഞ്ജു പുറത്തായതിനുപിന്നാലെ രാജസ്ഥാനില്‍ ആദ്യമായി കളിക്കാനെത്തിയ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും പുറത്തായി. ഒരു ബോള്‍ പോലും നേരിടാതെ റണ്‍ഔട്ട് ആകുകയായിരുന്നു താരം. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഈ സീസണില്‍ രാജസ്ഥാനിലെത്തിയ പാതിമലയാളി താരം റോബിന്‍ ഉത്തപ്പയ്ക്കും തിളങ്ങാനായില്ല. അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഇതിനിടയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് അര്‍ധശതകം പൂര്‍ത്തിയാക്കി. സഞ്ജുവിന് ശേഷം കാര്യമായി ആര്‍ക്കും വലിയ സംഭാവന നല്‍കാന്‍ സാധിക്കാത്തതിനാല്‍ രാജസ്ഥാന്റെ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണ്ടു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സമചിത്തതയോടെ കളിച്ച സ്മിത്തിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ പുറത്താണ് അവസാന ഓവറുകളില്‍ രാജസ്ഥാന്‍ സ്‌കോര്‍ കണ്ടെത്തിയത്.
47 പന്തില്‍ നിന്നും 69 റണ്‍സെടുത്ത് 19-ാം ഓവറിലാണ് സ്മിത്ത് പുറത്തായത്. അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടത്തിയത്. എന്‍ഗിഡി എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ നേടിയ ആര്‍ച്ചര്‍ രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തി. എട്ടു പന്തുകളില്‍ നിന്നും ആര്‍ച്ചര്‍ പുറത്താകാതെ 27 റണ്‍സ് നേടി അവസാന ഓവറില്‍ 30 റണ്‍സാണ് എന്‍ഗിഡി വഴങ്ങിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി സാം കറന്‍ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടി. ദീപക് ചാഹര്‍, എന്‍ഗിഡി, ചൗള എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
ചെന്നൈ ബൗളര്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്ന രാത്രിയാണ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ എന്‍ഗിഡി 56 ഉം ചൗള 55 ഉം ജഡേജ 40 ഉം റണ്‍സുകള്‍ വഴങ്ങി.
മറുപടി ബാറ്റിങ്ങില്‍ മുരളി വിജയും ഷെയ്ന്‍ വാട്‌സണുമാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. മോശം പന്തുകള്‍ തേടിപ്പിടിച്ച് പ്രഹരിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് സ്പിന്നര്‍ തെവാട്ടിയ കളി രാജസ്ഥാന് അനുകൂലമാക്കി. പിന്നാലെ വന്ന ഓള്‍റൗണ്ടര്‍ സാം കറന്‍ രണ്ട് സിക്‌സുകള്‍ തുടര്‍ച്ചയായി നേടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. തെവാട്ടിയ തന്നെയാണ് ഇത്തവണയും വിക്കറ്റ് നേടിയത്.
അമ്പാട്ടി റായുഡുവിന് പകരം ടീമിലെത്തിയ അരങ്ങേറ്റതാരം ഋതുരാജ് ഗെയ്ക്വാദ് ആദ്യ പന്തില്‍ തന്നെ ആവേശം കാണിച്ച് വിക്കറ്റ് കളഞ്ഞു. പിന്നീട് സഖ്യം ചേര്‍ന്ന കേദാര്‍ ജാദവും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരുവരും ചേര്‍ന്ന് 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടോം കറന്‍ ജാദവിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. 16 പന്തുകളില്‍ നിന്നും 22 റണ്‍സുമായി ജാദവ് മടങ്ങി.
ജാദവിനുശേഷം ആറാമനായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ കൂള്‍ ധോനിയാണ്. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചു നിന്ന് കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ധോനിയ്ക്കും ഡുപ്ലെസിയ്ക്കും സാധിച്ചില്ല. 37 പന്തില്‍ നിന്നും 72 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ ഡുപ്ലെസി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ധോനി പഴയ ഫോമിന്റെ നിഴലിലേക്കൊതുങ്ങി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ ധോനി നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല.
രാജസ്ഥാന് വേണ്ടി രാഹുല്‍ തെവാട്ടിയ 37 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടുകളികളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയില്‍ മൂന്നാമതാണ്.
Content Highlights: IPL 2020 Rajasthan Royals against Chennai Super Kings at sharjah cricket stadium