Image Courtesy: CSK Twitter
ചെന്നൈ: അങ്ങനെ ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ കാത്തിരുന്ന ദിവസമെത്തി. സൂപ്പര്‍ കിങ്‌സിന്റെ 'തല ധോനി' ടീമിനൊപ്പം ചേരുന്നതിനായി ചെന്നൈയിലെത്തി. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ടീമിനൊപ്പം ചേരാനെത്തിയ താരത്തെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.
ഗംഭീര സ്വീകരണമാണ് ധോനിക്കായി ആരാധകര്‍ ഒരുക്കിയത്. ചെന്നൈയിലെത്തിയ ധോനിയുടെ വിഡിയോ സൂപ്പര്‍ കിങ്‌സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ധോനി ഹോട്ടലിലേക്ക് വരുന്നതും ഇവിടെയുള്ള സൗകര്യങ്ങള്‍ പരിശോധിക്കുന്നതുമാണ് വീഡിയോയിലുള്ളത്. താരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് സി.എസ്.കെ ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്.
ധോനിയെ കൂടാതെ പിയൂഷ് ചൗള, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ എന്നീ സി.എസ്.കെ താരങ്ങളും ചെന്നൈയിലെത്തിയിരുന്നു. എന്നാല്‍ തലയുടെ മാസ് എന്‍ട്രിയില്‍ ബാക്കിയുള്ളവര്‍ ശ്രദ്ധിക്കപ്പെട്ടില്ല. മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ ധോനി ചെന്നൈയില്‍ പരിശീലനത്തിന് ഇറങ്ങുമെന്ന് സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്‍ അറിയിച്ചു. മാര്‍ച്ച് 19-ന് ശേഷമായിരിക്കും ചെന്നൈയുടെ പരിശീലന ക്യാമ്പ്.
കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായ ശേഷം ധോനിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഇത്തവണത്തെ ഐ.പി.എല്‍.
മാര്‍ച്ച് 29-ന് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സുമായാണ് ചെന്നൈയുടെ ആദ്യ മത്സരം. ഐ.പി.എല്‍ 2020-ന്റെ ഉദ്ഘാടന മത്സരം കൂടിയാണിത്.
Content Highlights: IPL 2020 MS Dhoni arrives in Chennai, gets roaring reception