Image Courtesy: Twitter
ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യത്തെ കുറിച്ച് ഏതാനും നാളുകള്‍ക്ക് മുമ്പാണ് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍ മിഡ് ഡെയില്‍ ഒരു കോളമെഴുതിയത്. ക്യാപ്റ്റനായിരിക്കെ ടീമിനൊപ്പമുള്ള വിമാനയാത്രകളില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ധോനി ഇക്കോണമി ക്ലാസില്‍ ടെലിവിഷന്‍ സംഘത്തോടൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നതെന്നാണ് അന്ന് ഗാവസ്‌ക്കര്‍ എഴുതിയിരുന്നത്.
ഇപ്പോഴിതാ ധോനിയുടെ ആ സ്വഭാവത്തിന് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതിന് തെളിവായി കഴിഞ്ഞ ദിവസം നടന്ന സംഭവം. ഐ.പി.എല്ലിന്റെ 13-ാം സീസണിനായി ടീമുകള്‍ ഓരോരുത്തരായി യു.എ.ഇയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് അംഗങ്ങള്‍ വെള്ളിയാഴ്ചയാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യു.എ.ഇയിലേക്ക് യാത്ര തിരിച്ചത്. ഈ യാത്രക്കിടെ സൂപ്പര്‍ കിങ്‌സ് ഡയറക്ടര്‍ കെ. ജോര്‍ജ് ജോണിന് വേണ്ടി ധോനി തന്റെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുനല്‍കുകയായിരുന്നു. ട്വിറ്ററിലൂടെ ജോര്‍ജ് ജോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ക്കിടയിലെ സ്ഥലം കുറവായതിനാല്‍ ഉയരക്കൂടുതലുള്ള ജോര്‍ജ് ജോണിന് യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ ധോനി തന്റെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുകൊടുത്ത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു.
'ക്രിക്കറ്റില്‍ ഇതിനോടകം തന്നെ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ഒരു മനുഷ്യന്‍ നിങ്ങളോട് പറയുന്നു, താങ്കളുടെ കാലുകള്‍ നീളം കൂടുതലുള്ളവയാണ്, അതിനാല്‍ എന്റെ സീറ്റില്‍ (ബിസിനസ് ക്ലാസ്) ഇരുന്നോളൂ. ഞാന്‍ ഇക്കോണമി ക്ലാസിലിരിക്കാം.'' ഈ ക്യാപ്റ്റന്‍ എന്നെ എക്കാലവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു' - ധോനിയെ ടാഗ് ചെയ്ത് ജോര്‍ജ് ജോണ്‍ കുറിച്ചു. മാറിയിരുന്ന സീറ്റില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം സംസാരിച്ചിരിക്കുന്ന ധോനിയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ധോനിയുടെ ലളിതമായ ശീലങ്ങളെ കുറിച്ച് ഗാവസ്‌ക്കര്‍ എഴുതിയത് ഇങ്ങനെ; 'ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമും എതിര്‍ ടീമും സാധാരണ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് സഞ്ചരിക്കാറുള്ളത്. ടെലിവിഷന്‍, സൗണ്ട് ടെക്നീഷ്യന്‍മാര്‍ അടക്കമുള്ളവര്‍ക്കും ഇതേ വിമാനത്തില്‍ തന്നെയാകും യാത്ര. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ ക്യാപ്റ്റന്‍, കോച്ച്, ടീം മാനേജര്‍ എന്നിവര്‍ക്ക് മാത്രമാകും ഇവിടെ സീറ്റ് ലഭിക്കുക. അതേസമയം മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്ക് ഇക്കോണമി ക്ലാസിനു പകരം ബിസിനസ് ക്ലാസില്‍ യാത്ര അനുവദിക്കുന്ന നല്ല ശീലവും ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ നായകനായിരുന്നപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോഴും ധോനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ടെക്നീഷ്യന്‍മാര്‍ക്കൊപ്പം ഇക്കോണമി ക്ലാസില്‍ ചെന്നിരിക്കും', ഗാവസ്‌ക്കര്‍ കുറിച്ചു.
നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ധോനിയുടെ ഈ മാതൃക പിന്തുടരുന്നതായി ഗാവസ്‌ക്കര്‍ പറഞ്ഞിരുന്നു. 2018-2019 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ സമയത്ത് മുഹമ്മദ് ഷമി, ബുംറ എന്നിവരടക്കമുള്ള പേസര്‍മാര്‍ക്കായി കോലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുകൊടുത്തിരുന്നു.
Content Highlights: Humble MS Dhoni swaps his business class seat with economy class for csk director