പനാജി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ മൈതാനത്തിറങ്ങി അമ്പയര്‍മാരോട് കയര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും.
സംഭവത്തെ തുടര്‍ന്ന് ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ധോനിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ ധോനിയെ അങ്ങനെ വിടാന്‍ പാടില്ലായിരുന്നുവെന്നും ശരിക്കും രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്നെങ്കിലും ധോനിയെ വിലക്കണമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
''ധോനി അത് ഇന്ത്യന്‍ ടീമിന് വേണ്ടിയാണ് ചെയ്തിരുന്നതെങ്കില്‍ എനിക്ക് സന്തോഷമായേനേ. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന സമയത്ത് ഒരിക്കല്‍ പോലും ധോനി ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ചെന്നൈ ടീമിനായി അദ്ദേഹം കുറച്ചധികം വികാരാധീനനായതു പോലെ തോന്നി. നേരത്തെ തന്നെ രണ്ട് ചെന്നൈ താരങ്ങള്‍ ആ നോബോളിനെ കുറിച്ച് അമ്പയര്‍മാരോട് സംസാരിക്കുന്ന സാഹചര്യത്തില്‍ എന്തു തന്നെയായിരുന്നെങ്കിലും ധോനി ഗ്രൗണ്ടിലേക്ക് കടക്കരുതായിരുന്നു''-സെവാഗ് പറഞ്ഞു.
ഇതിനാല്‍ തന്നെ ധോനിയെ അങ്ങനെ വിടാന്‍ പാടില്ലായിരുന്നു, രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്ന് വിലക്കണമായിരുന്നു. ഇന്ന് ധോനി ഇത് ചെയ്തു, നാളെ മറ്റൊരു ക്യാപ്റ്റനും ഇത് ആവര്‍ത്തിച്ചേക്കാം. പിന്നെ അമ്പയര്‍മാര്‍ക്ക് എന്ത് വിലയാണുള്ളത്.
Content Highlights: ms dhoni was let off easy should have been banned for at least 2 3 games virender sehwag