ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐ.പി.എല്‍ ഏറെ ആവേശം നിറഞ്ഞതായിരുന്നു. അവസാന പന്തില്‍ ശര്‍ദ്ധുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ലസിത് മലിംഗ മുംബൈയ്ക്ക് ഒരൊറ്റ റണ്ണിന്റെ വിജയം സമ്മാനിച്ചു.
ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സ് അടിച്ച് ഷെയ്ന്‍ വാട്‌സണ്‍ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയതാണ്. എന്നാല്‍ അടുത്ത ഓവറില്‍ ജസപ്രീത് ബുംറ ചെന്നൈയെ പിടിച്ചുകെട്ടി. ബൗണ്ടറി വിട്ടുകൊടുക്കാതെ ബ്രാവോയുടെ വിക്കറ്റുമെടുത്തു.
എന്നാല്‍ ആ ഓവറിലെ അവസാന പന്ത് ഞെട്ടലോടെയാണ് മുംബൈ ആരാധകര്‍ കണ്ടത്. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അശ്രദ്ധ മൂലം പന്ത് ബൗണ്ടറി ലൈന്‍ കടന്നു. ചെന്നൈയ്ക്ക് ബൈ ആയി വിലപ്പെട്ട നാല് റണ്‍സും ലഭിച്ചു. ഇതോടെ ആരാധകരെല്ലാം ഡികോക്കിനെതിരേ തിരിഞ്ഞു.
ഇത് എന്താണ് ചെയ്തതെന്ന് രോഹിത് ശര്‍മ്മയും ഡികോക്കിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇതോടെ ക്വിന്റണ്‍ ഡികോക്കിന്റെ മുഖഭാവവും മാറി. എന്തോ കുറ്റം ചെയ്ത ആളെപ്പോലെയായി ദക്ഷിണാഫ്രിക്കന്‍ താരം.
ഇതുകണ്ട് ജസപ്രീത് ബുംറ വെറുതെ ഇരുന്നില്ല. ഡികോക്കിന്റെ അടുത്ത് ഓടിയെത്തി. ചേര്‍ത്തുപിടിച്ച് സാരമില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഇന്ത്യന്‍ പേസ് ബൗളറുടെ ഈ സമീപനം ആരാധകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. മികച്ച പേസ് ബൗളര്‍ മാത്രമല്ല, ഒരു നല്ല മനുഷ്യന്‍ കൂടിയാണ് ബുംറ എന്നായിരുന്നു ആരാധകരുടെ കമന്റ്.
Content Highlights: Jasprit Bumrah wins hearts for his gesture towards Quinton de Kock