ഹൈദരാബാദ്: ഐ.പി.എല്‍ 12-ാം സീസണില്‍ ഏറ്റവും കൂടുതല്‍ പ്രായം കൂടിയ താരങ്ങള്‍ അടങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്സിലായിരുന്നു. ഇത്തവണത്തെ ലേലം കഴിഞ്ഞ ഉടന്‍ തന്നെ ചെന്നൈയെ വയസന്‍ പടയെന്ന് മറ്റു ടീമുകളുടെ ആരാധകര്‍ കളിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ കളിയാക്കല്‍ കഴിഞ്ഞ സീസണിലും നേരിട്ട ചെന്നൈ കിരീടവിജയത്തോടെയാണ് അതിന് മറുപടി നല്‍കിയത്. ഇത്തവണയും അതേ ടീമിനെ നിലനിര്‍ത്തിയ ടീം ഫൈനലിലെത്തുകയും ചെയ്തു. പക്ഷേ ഫൈനലില്‍ മുംബൈയോടേറ്റ തോല്‍വി ചെന്നൈ ടീമിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവില്ലെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് തന്നെ തുറന്നു പറഞ്ഞു. പുതിയ ടീമിനെ രുപപ്പെടുത്തിയെടുക്കേണ്ട സമയമാണിതെന്നും ഐ.പി.എല്‍ ഫൈനലില്‍ മുംബൈക്കെതിരായ തോല്‍വിക്കുശേഷം അദ്ദേഹം ചൂണ്ടിക്കാട്ടി.
34 വയസാണ് ചെന്നൈ ടീമിന്റെ ശരാശരി പ്രായം. എങ്കിലും ഈ ടീമിന് കഴിഞ്ഞ ഐ.പിഎല്ലില്‍ കിരീടം നേടാനും ഇത്തവണ ഫൈനലിലെത്താനും കഴിഞ്ഞു. ടീമിനെ സംബന്ധിച്ച് നല്ല രണ്ട് വര്‍ഷങ്ങളായിരുന്നു. എന്നാലും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ് നിരയുടെ മോശം പ്രകടനം തന്നെയാണ് അതിന്റെ മുഖ്യ കാരണം. ബാറ്റിങ് നിരയില്‍ പല താരങ്ങളും നിരാശാജനകമായ പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. ചെന്നൈയുടെ ബൗളര്‍മാര്‍ തിളങ്ങി. എന്നാല്‍, ബാറ്റ്സ്മാന്‍മാരുടെ പ്രകടനം ആശാവഹമല്ലായിരുന്നു.
ക്യാപ്റ്റന്‍ എം.എസ് ധോനി ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുമെന്നും ഫ്ലെമിങ് അറിയിച്ചു.
ഫൈനലില്‍ ഷെയ്ന്‍ വാട്സണ്‍ 80 റണ്‍സോടെ പൊരുതി. പക്ഷേ, മറ്റ് ബാറ്റ്സ്മാന്‍മാരുടെ പിന്തുണ ലഭിച്ചില്ല. ധോനിയുടെ റണ്ണൗട്ട് കളിയുടെ ഗതി മാറ്റി. അതോടെ എതിരാളികള്‍ ഉണര്‍ന്നു. ആറോവറില്‍ 53 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറിനുമുമ്പ് ജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഫ്ലെമിങ് വ്യക്തമാക്കി.
Content Highlights: ipl 2019 we do understand that we are an ageing team says stephen fleming