കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 162 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രണ്ട് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഇതോടെ 14 പോയിന്റുമായി ചെന്നൈ ബഹുദൂരം മുന്നിലെത്തി.
29 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ചെന്നൈയ്ക്ക് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണെ (6) നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് 24 റണ്‍സെടുത്ത് നില്‍ക്കെ സുനില്‍ നരെയ്‌ന്റെ ബോളില്‍ ബൗള്‍ഡായി. പിന്നീട് അമ്പാട്ടി റായുഡു(5)വിനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കേദര്‍ ജാദവ് 12 പന്തില്‍ 20 റണ്‍സും ക്യാപ്റ്റന്‍ ധോനി 13 പന്തില്‍ 16 റണ്‍സെടുത്തും ക്രീസ് വിട്ടു. ഇതോടെ അഞ്ചു വിക്കറ്റിന് 121 റണ്‍സ് എന്ന നിലയിലായി ചെന്നൈ.
റെയ്‌നയോടൊപ്പം അഞ്ചാം വിക്കറ്റില്‍ 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ധോനി കളം വിട്ടത്. പിന്നീട് ആറാം വിക്കറ്റില്‍ ജഡേജയും റെയ്നയും ഒന്നിക്കുകയായിരുന്നു. ഇരുവരും പുറത്താകാചെ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ അഞ്ചു ഫോര്‍ അടക്കം 31 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. സുനില്‍ നരെയ്‌നും പിയൂഷ് ചൗളയും കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഇമ്രാന്‍ താഹിറിന്റെ ബൗളിങ്ങിന് മുന്നില്‍ തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് അടിച്ചെടുത്തത്.
51 പന്തില്‍ ഏഴു ഫോറും ആറു സിക്സുമടക്കം 82 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടത്തിയത്. മറ്റു ബാറ്റ്സ്മാന്‍മാര്‍ക്ക് ഒന്നും തിളങ്ങാനായില്ല. റോബിന്‍ ഉത്തപ്പ അക്കൗണ്ട് തുറക്കും മുമ്പും ദിനേശ് കാര്‍ത്തിക്ക് 18 റണ്‍സിനും പുറത്തായി. നാല് പന്തില്‍ 10 റണ്‍സ് അടിച്ച ആന്ദ്ര റസ്സലിനെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി.
നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിര്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. ശ്രദ്ധുല്‍ ഠാക്കൂര്‍ രണ്ടും മിച്ചല്‍ സാന്റ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: ipl 2019 kolkata knight riders vs chennai super kings