ചെയ്തത് ശരിയായില്ല, എങ്കിലും ധോനി ഗ്രൗണ്ടിലിറങ്ങിയതിന് കാരണം ഇതാണ് -ഫ്ലെമിങ്


2 min read
Read later
Print
Share

ശാന്തനായ ധോനി തന്റെ ശാന്തത കൈവിടുന്നതിന് കഴിഞ്ഞ ദിവസം ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷിയായി.

ജയ്പുര്‍: കളത്തിനകത്തും പുറത്തും ശാന്തത കൈവിടാത്ത താരമാണ് എം.എസ് ധോനി. എത്ര തന്നെ പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും അതൊന്നും ബാധിക്കാത്ത തരത്തിലാണ് ഇതുവരെ ധോനിയെ കണ്ടിട്ടുള്ളത്.

എന്നാല്‍ ശാന്തനായ ധോനി തന്റെ ശാന്തത കൈവിടുന്നതിന് കഴിഞ്ഞ ദിവസം ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷിയായി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. അവസാന ഓവറിലെ ഒരു നോ ബോളുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം കാരണം ഡഗ്ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങിയ ധോനി അമ്പയര്‍മാരോട് കയര്‍ക്കുകയും ചെയ്തു.

ഇതിനു പിന്നാലെ മുന്‍ താരങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് ധോനി നേരിടുന്നത്. എന്നാല്‍ ഇപ്പോഴിതാ ധോനി ആ സമയത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്.

ബൗളിങ് എന്‍ഡിലുണ്ടായിരുന്ന അമ്പയര്‍ പന്ത് നോബോള്‍ വിളിക്കുകയും തൊട്ടുപിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തപ്പോള്‍ ആശയക്കുഴപ്പമുള്ളതായി തോന്നി. അത് നോബോള്‍ ആണോ, അല്ലയോ എന്ന കാര്യത്തിലായിരുന്നു സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അമ്പയര്‍മാരുമായി സംസാരിക്കാന്‍ വേണ്ടിയാണ് ധോനി അപ്പോള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഇത്തരത്തിലാണ് ആ സംഭവത്തിനു ശേഷം ഞങ്ങല്‍ തമ്മില്‍ ചര്‍ച്ച നടത്തിയതെന്നും ഫ്ലെമിങ് വ്യക്തമാക്കി.

അതേസമയം ഗ്രൗണ്ടിലിറങ്ങിയ ധോനിയുടെ നടപടി ശരിയായില്ലെന്ന് ഫ്ലെമിങ്ങും സമ്മതിക്കുന്നു. അപ്പോഴത്തെ വികാരമാകാം അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അല്ലാതെ അമ്പയര്‍മാരുമായി തര്‍ക്കിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ പേരില്‍ ഏറെക്കാലം ധോനി ഇനി ചോദ്യംചെയ്യപ്പെടുമെന്നും ഫ്ലെമിങ് പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ മിച്ചല്‍ സാന്റ്നര്‍ക്കെതിരേ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ ഒരു പന്തിനെ കുറിച്ചായിരുന്നു തര്‍ക്കം. സ്റ്റോക്ക്സ് എറിഞ്ഞ പന്ത് സാന്റ്നറുടെ അരയ്ക്ക് മുകളില്‍ ഫുള്‍ടോസായാണ് വന്നത്. ഫീല്‍ഡ് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ സിഗ്നല്‍ കാണിച്ചു. എന്നാല്‍ പിന്നീട് ലെഗ് അമ്പയറുടെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയും ചെയ്തു. ഇതാണ് ധോനിയെ ചൊടിപ്പിച്ചത്.

ഡഗ്ഔട്ടില്‍ നിന്ന് പിച്ചിനടുത്തേക്ക് എത്തിയ ധോനി അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് വിരല്‍ചൂണ്ടി സംസാരിക്കുകയും ചെയ്തു. ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്. ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും ഉല്‍ഹാസ് ഗാന്ധെയോട് ധോനി ചോദിക്കുന്നുണ്ടായിരുന്നു.

അതേസമയം ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോനിക്ക് ബി.സി.സി.ഐ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തു. ധോനി ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലെവല്‍ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlights: ipl 2019 csk coach stephan fleming reveals why ms dhoni walked out to the field

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram