ഹൈദരാബാദ്: ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനലില്‍ ക്യാപ്റ്റന്‍ ധോനിയുടെ പുറത്താകലിനു ശേഷം ചെന്നൈക്ക് അവസാന നിമിഷം വരെ കിരീട പ്രതീക്ഷ നല്‍കിയത് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ ഒറ്റയാള്‍ മികവായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ജഡേജയുമായുള്ള ധാരണപിശകിനെ തുടര്‍ന്ന് വാട്‌സണ്‍ റണ്ണൗട്ടായതോടെ ചെന്നൈയുടെ പ്രതീക്ഷകളും അസ്തമിച്ചു.
എന്നാല്‍ മത്സരത്തിനു ശേഷം ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയിരിക്കുകയാണ് വാട്‌സണ്‍. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന ഫൈനലില്‍ ചോരയൊലിക്കുന്ന കാല്‍മുട്ടുമായിട്ടാണ് താരം ബാറ്റിങ് തുടര്‍ന്നത്. സഹതാരം ഹര്‍ഭജന്‍ സിങ്ങാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്‌സണ്‍ ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നുവെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി. പാഡ് കൊണ്ട് മറഞ്ഞിരിക്കുന്ന കാല്‍മുട്ടിന്റെ ഭാഗത്ത് ചോര പടര്‍ന്നു നില്‍ക്കുന്നതിന്റെ ഫോട്ടോയും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്.
റണ്ണൗട്ടാകാതിരിക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. മുംബൈയ്‌ക്കെതിരേ 20-ാം ഓവറിന്റെ നാലാം പന്തില്‍ വാട്സണ്‍ പുറത്തായതോടെയാണ് ചെന്നൈ മത്സരം കൈവിട്ടത്. 59 പന്ത് നേരിട്ട വാട്സണ്‍ എട്ടു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 80 റണ്‍സെടുത്തിരുന്നു.
Content Highlights: harbhajan singh reveals shane watson batted through bloodied knee