ജയ്പുര്‍: ഐ.പി.എല്ലിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ മാറ്റി രാജസ്ഥാന്‍ റോയല്‍സ്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ഇനിയുള്ള മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക. എട്ടു കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും രഹാനെയ്ക്ക് തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക റോള്‍ തന്നെയാകുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിന്‍ ബറൂച്ച വ്യക്തമാക്കി. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷം വിലക്ക് നേരിട്ട സ്മിത്തിന് ഐ.പി.എല്ലിലും അവസരം ലഭിച്ചത് കുറവായിരുന്നു. 2017-ല്‍ പൂണെ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായിരുന്ന സ്മിത്ത് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു.
ഏപ്രില്‍ 25ന് ശേഷം ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര അര്‍ച്ചര്‍ എന്നിവരുടെ സേവനം കൂടി രാജസ്ഥാന് നഷ്ടമാകും. ഇതോടെ രാജസ്ഥാന് മത്സരങ്ങള്‍ കൂടുതല്‍ കടുപ്പമാകും. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാന്‍ രഹാനെയ്ക്ക് കഴിഞ്ഞിരുന്നു.
Content Highlights: Ajinkya Rahane Removed As Rajasthan Royals Skipper, Steve Smith Replaces Him