ബെംഗളൂരു: കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കി പത്ത് വിക്കറ്റിന്റെ വിജയമാണ് ബാംഗ്ലൂര്‍ ആഘോഷിച്ചത്. മത്സരത്തിന് മുമ്പ് ബാംഗ്ലൂര്‍ ടീമിന് ആശംസകളറിയിച്ച് നടി അനുഷ്‌ക ശർമ ട്വീറ്റ് ചെയ്തിരുന്നു. കോലിയുടെ പേര് എഴുതിയ ടി ഷര്‍ട്ട് ധരിച്ച ചിത്രത്തോടൊപ്പമായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്.
സാധാരണ ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങള്‍ക്കും ഗ്യാലറിയിലുണ്ടാകുന്ന അനുഷ്‌കയക്ക് അന്ന് ഷൂട്ടിങ് തിരക്ക് കാരണം എത്താന്‍ കഴിഞ്ഞിരുന്നില്ല. സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു അനുഷ്‌ക. ഷാരൂഖ് ഖാനും കത്രീന കൈഫും ചിത്രത്തിലുണ്ട്.
മത്സരത്തിന് ശേഷം വിരാട് കോലി അനുഷ്‌കയുടെ ട്വീറ്റിന് മറുപടി നല്‍കി. പ്രിയപ്പെട്ടവളേ.. ഞങ്ങള്‍ വിജയവഴിയില്‍ തിരിച്ചെത്തി എന്നായിരുന്നു കോലിയുടെ ട്വീറ്റ്. ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ അനുഷ്‌ക ബാംഗ്ലൂരിന്റെ മത്സരം കാണുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Content Highlights: Virat Kohli Responds To Anushka Sharma Adorable Message