ന്യൂഡല്‍ഹി: ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഐ.പി.എല്ലില്‍ വിജയത്തുടക്കമാണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 164 റണ്‍സിലൊതുക്കി ഡല്‍ഹി 55 റണ്‍സിന്റെ വിജയമാഘോഷിച്ചു. ക്യാപ്റ്റന്റെ സമ്മര്‍ദമില്ലാതെ മികച്ച ബാറ്റിങ് പുറത്തെടുത്ത ശ്രേയസ് അയ്യരും ഓപ്പണിങ്ങില്‍ തിളങ്ങിയ പൃഥ്വി ഷായുമാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.
44 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ടു സിക്‌സുമടക്കം 62 റണ്‍സ് അടിച്ചെടുത്ത പൃഥ്വി അതിനിടയില്‍ ഒരു ഹെലികോപ്റ്റര്‍ ഷോട്ടുമടിച്ചു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു എം.എസ് ധോനിയെ അനുകരിച്ചുള്ള പൃഥ്വിയുടെ സിക്‌സ്. ധോനിയുടെ അത്ര വരില്ലെങ്കിലും ആ ഷോട്ട് മികച്ചതു തന്നെയായിരുന്നു.
ആദ്യം പതുക്കെ ഇന്നിങ്‌സ് തുടങ്ങിയ യുവതാരം 38 പന്തിലാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഐ.പി.എല്ലില്‍ പൃഥ്വിയുടെ ആദ്യ അര്‍ധസെഞ്ചുറിയായിരുന്നു അത്. ഈ വര്‍ഷത്തെ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയത് പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
Content Highlights: Prithvi Shaw's six to Mitchell Johnson off helicopter shot would even make MS Dhoni proud