മുംബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മലയാളി സാന്നിധ്യമാണ് മലപ്പുറം സ്വദേശിയായ കെ.എം ആസിഫ്. അരങ്ങേറ്റ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായ ആസിഫ് പിന്നീട് മാതൃദിനത്തിലാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അമ്മയ്ക്കായി മലയാളത്തില്‍ പാട്ടു പാടി ആസിഫ് എല്ലാവരുടേയും ഹൃദയം കവര്‍ന്നു.
ഇപ്പോള്‍ സഹതാരമായ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ഡേവിഡ് വില്ലിയുടെ ബാറ്റൊടിച്ചിരിക്കുകയാണ് ആസിഫ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പ്ലേ ഓഫിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഇത് സംഭവിച്ചത്. ആസിഫിന്റെ പേസ് ബൗളിങ്ങില്‍ വില്ലിയുടെ ബാറ്റ് രണ്ടു കഷ്ണമാകുകയായിരുന്നു. ഇതിന്റെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'വില്ലിയുടെ വില്ലോ പൊട്ടിപ്പോയി! കടപ്പാട്: ആസിഫ്' എന്ന കുറിപ്പോടെയാണ് ചെന്നൈ ചിത്രം ട്വീറ്റ് ചെയ്തത്. വലങ്കയ്യന്‍ പേസ് ബൗളറായ ആസിഫ് 144 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയും. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആസിഫിനായി 40 ലക്ഷം രൂപയാണ് ചെന്നൈ മുടക്കിയത്.
Content Highlights: KM Asif's Ball Breaks David Willey's Bat IPL 2018