ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഒരു സ്റ്റമ്പിങ്ങാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ കീഴില്‍ രാജസ്ഥാന്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച കാര്‍ത്തിക്കിന്റെ പ്രകടനം. നിധീഷ് റാണയുടെ പന്തില്‍ മുന്നോട്ടുകയറിയ രഹാനെ പിന്നീട് ക്രീസ് വിടുന്നതാണ് കണ്ടത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സിലെ ഏഴാം ഓവറിലായിരുന്നു കാര്‍ത്തിക്കിന്റെ സ്റ്റമ്പിങ്. 5.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സെത്തിയിരുന്നു. എന്നാല്‍ നിധീഷ് റാണയുടെ പന്തില്‍ എല്ലാം പിഴച്ചു. രഹാനെയ്ക്ക് ഷോട്ട് മിസ്സായതോടെ പന്ത് ദേഹത്ത് തട്ടി തെറിച്ചുവീണു. രഹാനെ ക്രീസിലേക്ക് ബാറ്റു കുത്താന്‍ ശ്രമിച്ചെങ്കിലും ഞൊടിയിടയില്‍ കാര്‍ത്തിക് പന്ത് കൈയിലെടുത്ത് സ്റ്റമ്പിലേക്കിട്ടു. സ്റ്റമ്പിനും ക്രീസിനുമിടയില്‍ വീണ പന്ത് കാര്‍ത്തിക് അസാമാന്യ മെയ് വഴക്കത്തോടെ മുന്നോട്ട് ചാടി പിടിയിലൊതുക്കുകയും സ്റ്റമ്പ് ചെയ്യുകയുമായിരുന്നു.
പുറത്താകുമ്പോള്‍ 19 പന്തില്‍ 36 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. പിന്നീട് ബാറ്റിങ്ങിലും തിളങ്ങിയ കാര്‍ത്തിക് 42 റണ്‍സോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Content Highlights: Dinesh Karthik's brilliant stumping of Ajinkya Rahane in IPL